'പ്രവാസി ഭാരതി 810എഎം.' അബുദാബിയില്‍ നിന്നും പ്രക്ഷേപണം ആരംഭിക്കുന്നു
Thursday, January 21, 2016 7:16 AM IST
അബുദാബി: തലസ്ഥാന നഗരി കേന്ദ്രമാക്കി പുതിയ മലയാളം റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു .'പ്രവാസി ഭാരതി 810 എ എം.' എന്ന പേരില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റേഡിയോ പ്രക്ഷേപണത്തിന്റെ ഉത്ഘാടനം 22 നു ഏഴിനു അബുദാബി നാഷണല്‍ തിയേറ്ററില്‍ നടക്കുമെന്നു ചെയര്‍മാന്‍ നൌഷാദ് അബ്ദുള്‍ റഹ്മാന്‍ അറിയിച്ചു.

അത്യാധുനിക ഡിജിറ്റല്‍ റേഡിയോ മോണ്ടിയല്‍ സംവിധാനത്തിലൂടെ എഫ്എം റേഡിയോയുടെ വ്യക്തതയോടെയാകും എഎം റേഡിയോ പ്രവര്‍ത്തിക്കുക എന്നു എംഡിയും മാനേജിംഗ് ഡയറക്ടറുമായ കെ.ചന്ദ്രസേനന്‍ പറഞ്ഞു.

രണ്ടു ലക്ഷം വാട്ട്സ് പ്രസരണ ശേഷിയോടെ ആരംഭിക്കുന്ന റേഡിയോ പരിപാടി എല്ലാ ജിസിസി രാജ്യങ്ങളിലും കേള്‍ക്കാവുന്നതാണ്. തിരുവന്തപുരത്തെ സ്വന്തം സ്റുഡിയോ യില്‍ നിന്നുള്ള തല്‍സമയ പ്രക്ഷേപണവും ഉണ്ടാകും. ഓരോ മണിക്കൂറിലുമുള്ള വാര്‍ത്തകളില്‍ കേരള ബ്യുറോ യില്‍ നിന്നുള്ള വാര്‍ത്തകള്‍ കേള്‍ക്കാവുന്നതാണ്.

റേഡിയോ പ്രക്ഷേപണ രംഗത്തെ നൂതന സംവിധാനമായ ഡിആര്‍എം ഉപയോഗപെടുത്തുന്ന ആദ്യ മലയാളം റേഡിയോ ആകും 'പ്രവാസി ഭാരതി'. ഇതിനുള്ള റിസീവര്‍ യുഎഇ വിപണിയില്‍ ലഭ്യമാക്കാനും കമ്പനി ശ്രമം ആരംഭിച്ചിട്ടുണ്ട്.

ഉത്ഘാടനസമ്മേളനത്തില്‍ മന്ത്രി കെ.സി. ജോസഫ്, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ , സുരേഷ്കുറുപ്പ് എംഎല്‍എ, മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍, മുന്‍ മന്ത്രി എം.എം.ഹസ്സന്‍ , സയ്യദ് സാദിക്കലി ശിഹാബ് തങ്ങള്‍ , ഗായകന്‍ ജി.വേണുഗോപാല്‍, പ്രഫ. അലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മാനേജിംഗ് പാര്‍ട്ണര്‍ നാദാ അല്‍ മേമ്റി ,വിനോദ് മാജിദ്, വാസു മനോഹരന്‍, മൂസാ ഹബീബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള