സാന്റാ അന്നയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ജനുവരി 24ന്
Wednesday, January 20, 2016 10:15 AM IST
ലോസ്ആഞ്ചലസ്: കലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ജനുവരി 24ന് (ഞായര്‍) ആഘോഷിക്കുന്നു.

രാവിലെ 11 നു നടക്കുന്ന തിരുനാള്‍ കുര്‍ബാനയില്‍ വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ. ജോണസ് ചെറുനിലത്ത് വിസി ഷിക്കാഗോ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധന്റെ രൂപംവെഞ്ചരിക്കല്‍, ലദീഞ്ഞ്, നേര്‍ച്ചകാഴ്ച സമര്‍പ്പിക്കല്‍, നഗരികാണിക്കല്‍ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

തിരുനാള്‍ ദിവസം രാവിലെ 9.30 മുതല്‍ പരമ്പരാഗത രീതിയിലുള്ള കഴുന്ന് നേര്‍ച്ച പള്ളിയില്‍നിന്നു മരിയന്‍ ഗ്രോട്ടോയിലേക്കു നടക്കും.

വിശുദ്ധന്റെ തിരുനാളിനൊരുക്കമായി ജറിക്കോ പ്രാര്‍ഥനയും അഖണ്ഡ ജപമാല സൌഖ്യ ആരാധനയും വിശുദ്ധ കുര്‍ബാനയും നടന്നു. ഫാ. ജോണസ് നയിച്ച പ്രാര്‍ഥനയില്‍ നിരവധി ഇടവകാംഗങ്ങള്‍ പങ്കെടുത്തു.

തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ ലഭിക്കുവാന്‍ ഫാ. ജോണസ് ചെറുനിലത്തും ട്രസ്റിമാരായ ബൈജു വിതയത്തിലും ബിജു ആലുംമൂട്ടിലും എല്ലാവരെയും കുടുംബസമേതം സ്നേഹാദരവുകളോടെ ക്ഷണിക്കുന്നു.

ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത് സെബസ്ത്യാനോസിന്റെ നാമധേയരും മറ്റ് ഏതാനും കുടുംബങ്ങളും ചേര്‍ന്നാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം