വാട്ഫോടില്‍ കെസിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിതെളിഞ്ഞു
Monday, January 18, 2016 7:49 AM IST
വാട്ഫോട്: കേരള കമ്യൂണിറ്റി ഫൌണ്േടഷന്റെ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഹോളിവെല്‍ കമ്യൂണിറ്റി സെന്ററില്‍ കൂടിയ നൂറു കണക്കിനു ജനങ്ങളെ സാക്ഷി നിര്‍ത്തി പ്രശസ്ത സിനിമാ താരം ഭാമയും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെ സീനിയര്‍ അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ ടി.ഹരിദാസും പ്രദീപ് മയില്‍വാഹനവും ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

കെസിഎഫിന്റെ മാതൃക പിന്തുടര്‍ന്നു യുകെയില്‍ രണ്ടും മൂന്നുമായി വിഘടിച്ചു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകളും ഒന്നു ചേര്‍ന്നു മുന്നോട്ടു വരണമെന്നും കെസിഎഫിനെ പോലുള്ള ഇത്തരം സംഘടനകള്‍ മലയാളി സമൂഹത്തിനു താങ്ങും തണലുമാകുമെന്നും ടി. ഹരിദാസ് ഉദ്ബോധിപ്പിച്ചു. ചടങ്ങില്‍ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും നിര്‍വഹിക്കപ്പെട്ടു. സംഘടനയുടെ ഭാവികാല പരിപാടികളെക്കുറിച്ചും മലയാളി സമൂഹത്തില്‍ കെസിഎഫിന്റെ പ്രസക്തിയെക്കുറിച്ചും സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയെക്കുറിച്ചും ടോമി ജോസഫ് വിവരിച്ചു.

ഇന്നസെന്റ് ജോണിന്റെ സ്വാഗതപ്രസംഗത്തോടുകൂടി ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഭാമയും പിന്നണി ഗായകരും ഐഡിയ സ്റാര്‍ സിംഗര്‍ താരങ്ങളുമായ വില്യം ഐസക്, ഡെല്‍സി നൈനാന്‍, അബാസ്, കൊമേഡിയന്‍ സാബു തിരുവല്ല തുടങ്ങിവയര്‍ അവതരിപ്പിച്ച താര നിശ പ്രധാന ആകര്‍ഷണമായി. അരുഷി ജയ്മോന്റെ അവതരണശൈലിയും ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടി. ഷിനോ കുര്യന്‍ നന്ദി പറഞ്ഞു.

പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പതിവ് ശൈലിക്കു വിപരീതമായി 12 പേരടങ്ങുന്ന ട്രസ്റിമാരായ അനൂപ് ജോസഫ്, ചാള്‍സ് മാണി, ഇന്നസെന്റ് ജോണ്‍, മാത്യു സെബാസ്റ്യന്‍, ഷിനോ കുര്യന്‍, സിബി ജോണ്‍, സിബി തോമസ്, ഷിജു ജോണ്‍, സുനില്‍ വാര്യര്‍, സണ്ണി പി. മത്തായി, സുജു കെ.ഡാനിയേല്‍,ടോമി ജോസഫ് തുടങ്ങിയവരുടെ പ്രയത്നവും കൂട്ടായ പ്രവര്‍ത്തനവുമാണു പ്രസ്തുത ആഘോഷം വന്‍ വിജയിത്തിലെത്തിക്കുവാന്‍ കാരണമായത്.

ജീവകാരുണ്യ രംഗത്ത് സജീവമായ ഇടപെടല്‍ നടത്തിയ കെസിഎഫ് നാല് കുടുംബങ്ങള്‍ക്കാണ് ഇതുവരെ സഹായ ഹസ്തമായത്. പീറ്റര്‍ബറോയില്‍ മരണമടഞ്ഞ ബാലന്റെ കുടുംബത്തിനു 1625 പൌണ്ടും വാട്ഫോടില്‍ മരിച്ച ബിന്‍സിയുടെ അന്ത്യദര്‍ശനത്തിന് എത്തിയ ജനങ്ങള്‍ നല്കിയ സംഭാവന ഭര്‍ത്താവ് ജോസ്കുട്ടി കെസിഎഫിന്റെ അക്കൌണ്ടിലേക്കു നിക്ഷേപിച്ചതിനെ ത്തുടര്‍ന്ന് കേരളത്തിലെ ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കാന്‍സര്‍ ദുരിതമനുഭവിക്കുന്ന മൂന്നു വ്യക്തികള്‍ക്ക് 25,000 രൂപയും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: സുജു ഡാനിയേല്‍