ജര്‍മനിയില്‍ കനത്ത മഞ്ഞുവീഴ്ച; അപകടങ്ങളുടെ പെരുമഴ
Saturday, January 16, 2016 10:27 AM IST
ബെര്‍ലിന്‍: വാരാന്ത്യത്തിന്റെ തുടക്കത്തില്‍ത്തന്നെ ശൈത്യത്തിന്റെ മൂര്‍ധന്യതയിലും കനത്ത മഞ്ഞുവീഴ്ചയിലും ജര്‍മനിയില്‍ അപകടങ്ങളുടെ പെരുമഴയില്‍ നിരവധിയാളുകള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു. അന്തരീക്ഷ ഉഷ്മാവ് പൂജ്യം ഡിഗ്രിയില്‍നിന്നു താഴേക്കു പോവുകയും ചെയ്തതോടെ കട്ടപിടിച്ച മഞ്ഞ്, പാതകളില്‍ ഉറഞ്ഞ് തെന്നല്‍ മൂലമാണ് അപകടങ്ങള്‍ ഉണ്ടായത്.

തെക്കന്‍ ജര്‍മനിയില്‍ വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച പുലര്‍ച്ചയുമാണ് ഇരുനൂറോളം അപകടങ്ങള്‍ ഉണ്ടായത്. മിക്ക ഹൈവേകളും താത്കാലികമായി അടച്ചിരിക്കുകയാണ്. ജര്‍മനിയുടെ വടക്കന്‍ മേഖലകളിലും മധ്യ ജര്‍മനിയിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. ഹൈവേകളില്‍ക്കൂടിയുള്ള വാഹന ഗതാഗതം നന്നേ ബുദ്ധിമുട്ടാണ്.

വരും ആഴ്ചകളില്‍ മൈനസ് 15 മുതല്‍ 20 വരെ ഡിഗ്രികളിലായിരിക്കും അന്തരീക്ഷ താപനില എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. പത്തു മുതല്‍ 15 സെന്റി മീറ്റര്‍ ഘനത്തില്‍ മഞ്ഞുപെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍