അഭയാര്‍ഥി പ്രശ്നം: മെര്‍ക്കലിനുമേല്‍ എസ്പിഡിയുടെ കടുത്ത സമ്മര്‍ദ്ദം
Saturday, January 16, 2016 10:26 AM IST
ബെര്‍ലിന്‍: അഭയാര്‍ഥി പ്രശ്നത്തിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നും സഹോദരപാര്‍ട്ടിയായ സിഎസ്യുവില്‍ നിന്നും ശക്തമായ എതിര്‍പ്പ് നേരിട്ടപ്പോള്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന് ഉറച്ച പിന്തുണ നല്‍കിയത് കൂട്ടുഭരണത്തിലെ ഘടകകക്ഷിയായ എസ്പിഡിയാണ്. കഴിഞ്ഞ ടേമിലെ പ്രധാന പ്രതിപക്ഷമായ എസ്പിഡി ഇക്കുറി വിശാല മുന്നണിയുടെ ഭാഗമായി മന്ത്രിസഭയില്‍ അധികാരം കൈയാളുന്നതായിരുന്നില്ല അതിനു കാരണം. മറിച്ച്, മെര്‍ക്കലിന്റേതിനു സമാനമായി അവര്‍ക്കുള്ള അഭയാര്‍ഥി നയങ്ങളായിരുന്നു.

എന്നാല്‍, ഇപ്പോഴിതാ എസ്പിഡിയും മെര്‍ക്കലിനെ കൈവിട്ടു തുടങ്ങിയിരിക്കുന്നു. മെര്‍ക്കലിന്റെ അഭയാര്‍ഥി നയം യാഥാര്‍ഥ്യ ബോധമില്ലാത്തതാണെന്ന് എസ്പിഡി നേതാക്കളായ മുന്‍ ചാന്‍സലര്‍ ജെറാര്‍ഡ് ഷ്രോയ്ഡറും ലോവര്‍ സാക്സണി പ്രധാനമന്ത്രി സ്റീഫന്‍ വെയ്ലും അഭിപ്രായപ്പെട്ടിരിക്കുന്നു.

കൊളോണില്‍ പുതുവര്‍ഷത്തലേന്നുണ്ടായ കൂട്ട ലൈംഗിക അതിക്രമമാണ് പാര്‍ട്ടിയുടെ നിലപാട് മാറ്റത്തിനു കാരണമെന്നാണ് വിലയിരുത്തല്‍. ജര്‍മനി കൂടുതല്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിനും ശക്തിയേറി വരുന്നു. യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ക്ളോദ് ജുങ്കര്‍ പോലും അഭയാര്‍ഥിനയത്തിന്റെ കാര്യത്തില്‍ പരോക്ഷമായി മെര്‍ക്കലിനെ വിമര്‍ശിക്കുന്ന തരത്തിലാണു കഴിഞ്ഞ ദിവസം സംസാരിച്ചത്.

ഏറ്റവും പുതിയ അഭിപ്രായ സര്‍വേകള്‍ പ്രകാരം, അഭയാര്‍ഥികള്‍ കാരണം രാജ്യം താങ്ങുന്ന ഭാരം പരിധിയില്‍ കൂടുതലായിക്കഴിഞ്ഞെന്നു ഭൂരിപക്ഷം ജര്‍മന്‍കാരും വിശ്വസിക്കുന്നു എന്നും വ്യക്തമാകുന്നു. ഇത്രയേറെ അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ജര്‍മനിക്കു സാധിക്കില്ലെന്ന് വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ അറുപതു ശതമാനം പേരും കരുതുന്നു. കൊളോണ്‍ അതിക്രമത്തിനു മുമ്പു നടത്തിയ വോട്ടെടുപ്പില്‍ 46 ശതമാനം പേര്‍ മാത്രമാണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നത്.

ഇതിനിടെ, ഓസ്ട്രിയ പോലുള്ള രാജ്യങ്ങള്‍ അഭയാര്‍ഥി പ്രവാഹം തടയാനുള്ള നടപടികള്‍ അനുദിനം ശക്തമാക്കുകയും ചെയ്യുന്നു. ഓസ്ട്രിയയില്‍ അഭയം തേടി വരുന്നവരെ മാത്രമേ ഇനി രാജ്യത്തു പ്രവേശിപ്പിക്കൂ എന്നതാണ് പുതിയ പ്രഖ്യാപനം. മറ്റു രാജ്യങ്ങളിലേക്കു കുടിയേറുക എന്ന ലക്ഷ്യത്തോടെ ആരും ഓസ്ട്രിയന്‍ അതിര്‍ത്തി കടന്നു ചെല്ലണ്ട എന്നു സാരം. സമാന നിലപാട് ജര്‍മനിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.എന്തായാലും യൂറോപ്യന്‍ യൂണിയനില്‍ പ്രത്യേകിച്ച് ജര്‍മനി പോലുള്ള രാജ്യങ്ങള്‍ക്ക് അഭയാര്‍ഥിപ്രശ്നം ഒരു കീറാമുട്ടിയായി അനുദിനം വളരുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍