കുടിയേറ്റ നിയന്ത്രണ പദ്ധതിയില്‍ ബ്രിട്ടീഷുകാര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമാകും
Friday, January 15, 2016 10:09 AM IST
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനുള്ളില്‍നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനു ബ്രിട്ടന്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതി സ്വന്തം പൌരന്‍മാര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുമെന്നു വിലയിരുത്തല്‍.

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ മുന്നോട്ടു വച്ച പദ്ധതിയാണ്, ചര്‍ച്ചകളില്‍ നേടിയ വിജയമെന്ന നിലയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ ഉയര്‍ത്തിക്കാട്ടാന്‍ പോകുന്നത്. ഇതു പ്രകാരം കുറഞ്ഞ വേതനം പറ്റുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ മിക്കതും നഷ്ടമാകും.

കുറഞ്ഞ വേതനത്തിലുള്ള ജോലികള്‍ തേടി കുടിയേറ്റക്കാര്‍ വരാതിരിക്കാന്‍ ഉദ്ദേശിച്ചാണ് ഇങ്ങനെയൊരു പരിഷ്കാരം. യൂറോപ്യന്‍ യൂണിയന്‍ ചട്ടങ്ങള്‍ക്കു വിരുദ്ധമാകും എന്നതിനാല്‍ കുടിയേറ്റക്കാര്‍ക്കു മാത്രമായി ആനുകൂല്യങ്ങള്‍ നിഷേധിക്കാനും സാധിക്കില്ല. ഈ സാഹചര്യത്തിലാണു ബ്രിട്ടീഷ് പൌരന്‍മാര്‍ക്കു കൂടി നിയന്ത്രണം ബാധകമാക്കുന്നത്. ലക്ഷക്കണക്കിനു ബ്രിട്ടീഷ് തൊഴിലാളികള്‍ക്ക് ടാക്സ് ക്രെഡിറ്റ് നഷ്ടമാകുന്നതിനും ഇത് ഇടയാക്കുമെന്നു വ്യക്തമാണ്.

ഇതിനിടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു വിട്ടു പോകണമെന്നു ബ്രിട്ടനിലെ ഭൂരിപക്ഷം വോട്ടര്‍മാരും ആഗ്രഹിക്കുന്നില്ലെന്നു ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണ്‍ നടത്തിയ പ്രസ്താവന കാമറോണിനു തിരിച്ചടിയാവും.

യൂറോവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചുവരുന്നയാളാണ് ഓസ്ബോണ്‍. എന്നാല്‍ ഭൂരിപക്ഷം വോട്ടര്‍മാരും തന്റെ നിലപാടിനോടു യോജിക്കുന്നില്ലെന്നാണ് അദ്ദേഹം കരുതുന്നത്.

ഈ വിഷയത്തില്‍ നടത്തിയ ഹിത പരിശോധനകളിലെല്ലാം ഇരുപക്ഷത്തും ഏകദേശം തുല്യമായ വോട്ടുകളാണ് ലഭിച്ചിരുന്നത്. എന്നാല്‍, യഥാര്‍ഥ ഹിത പരിശോധന നടക്കുമ്പോള്‍, യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിന് അനുകൂലമായി തന്നെയാകും ഭൂരിപക്ഷം പേരും വോട്ട് ചെയ്യുക എന്നതാണ് ഓസ്ബോണിന്റെ അഭിപ്രായം.

ഇക്കാര്യത്തില്‍ രണ്ടാമതൊരു ഹിത പരിശോധന ഉണ്ടാകില്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണിത്. അതു ശരിയായി വിനിയോഗിക്കണമെന്നും ഓസ്ബോണ്‍ അഭ്യര്‍ഥിച്ചു.

ഹിതപരിശോധനാ സമയത്ത് ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താന്‍ അനുവദിക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍, യൂറോപ്പ് വിടണമെന്നാവശ്യപ്പെട്ട് പ്രചാരണം നടത്തിയ ആളാണ് ഓസ്ബോണ്‍. കാമറോണും ഇതേ പാതയിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍