ഹമീദ് വാണിയമ്പലം ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു
Friday, January 15, 2016 7:05 AM IST
കുവൈത്ത്: കുവൈത്തിലെ പ്രവാസ ജീവിതം നയിക്കുന്ന ജനങ്ങളുടെ ക്ഷേമമറിയുന്നതിനു വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം കുവൈത്തിലെ ലേബര്‍ ക്യാമ്പുകള്‍, ആടുഫാമുകള്‍,ഹോസ്പിറ്റലുകള്‍, എന്നിവ സന്ദര്‍ശിച്ചു. വിവിധ പ്രശ്നങ്ങളില്‍പെട്ട് പ്രയാസമാനുഭാവിക്കുന്നവരെയും മാസങ്ങളായി ജോലി നഷ്ടപ്പെട്ടുഴലുന്നവരെയും അദ്ദേഹം നേരില്‍കണ്ട് സംസാരിച്ചു.

വെല്‍ഫെയര്‍ കേരളാ കുവൈത്തിന്റെ പ്രവര്‍ത്തക സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ദേശഭാഷയും രാജ്യത്തിന്റെ അതിര്‍ വരമ്പുകള്‍ക്കപ്പുറം മനുഷ്യരെ ഒന്നായി കാണുകയും ഇന്ത്യക്കാര്‍ക്കു പുറമേ മറ്റു രാജ്യങ്ങളില്‍നിന്നുള്ള സഹോദരങ്ങളുടെ പ്രയാസങ്ങള്‍ അന്വേഷിക്കുകയും അവര്‍ക്ക് വേണ്ട താല്‍ക്കാലിക സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ഇത്തരം പ്രവാസികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ വെല്‍ഫെയര്‍ കേരളാ കുവൈത്തിന്റെ പ്രവര്‍ത്തകരെ അദ്ദേഹം ഉണര്‍ത്തുകയും ചെയ്തു.

വെല്‍ഫെയര്‍ കേരള കുവൈത്ത് കേന്ദ്ര ജനറല്‍ സെക്രട്ടറി ലായിക്ക് അഹ്മദ്, കേന്ദ്ര ട്രഷറര്‍ ഷൌക്കത്ത് വളാഞ്ചേരി , കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജസീല്‍, റഷീദ് ഖാന്‍, യൂന്സ് സലീം, ഫായിസ് അബ്ദുല്ല എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍