ഒടുവില്‍ മെര്‍ക്കലും സമ്മതിക്കുന്നു; 'എല്ലാം കൈവിട്ടുപോയി'
Wednesday, January 13, 2016 10:18 AM IST
ബെര്‍ലിന്‍: യൂറോപ്പ് നേരിടുന്ന അഭയാര്‍ഥിപ്രശ്നം സര്‍വ നിയന്ത്രണങ്ങളും ലംഘിച്ചിരിക്കുന്നു എന്ന് ഒടുവില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും സമ്മതിക്കുന്നു. നമുക്കിത് നേരിടാന്‍ കഴിയുമെന്നു പുതവര്‍ഷ സന്ദേശത്തില്‍ വരെ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ച നേതാവാണു മെര്‍ക്കല്‍. പുതുവര്‍ഷത്തലേന്ന് സ്ത്രീകള്‍ക്കെതിരേ വ്യാപകമായ ലൈംഗിക അതിക്രമങ്ങളുണ്ടായതാണ് അവരെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

കൊളോണ്‍ ആക്രമണത്തിനുശേഷം അഭയാര്‍ഥികള്‍ക്കെതിരേയും അവരോട് ഉദാര നയം സ്വീകരിക്കുന്ന മെര്‍ക്കലിനെതിരേയും പ്രതിഷേധ പ്രകടനങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചിരിക്കുകയാണ്.

നിയന്ത്രണങ്ങളും ക്രമസാധാനവും എത്രയും വേഗം വീണ്ടെടുക്കണമെന്നാണു കഴിഞ്ഞ ദിവസം മെയ്ന്‍സില്‍ നടത്തിയ ചടങ്ങില്‍ മെര്‍ക്കല്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍, ലീപ്സീഗില്‍ നടന്ന കുടിയേറ്റ വിരുദ്ധ പ്രകടനത്തില്‍ അഭയാര്‍ഥി പ്രവാഹത്തിനെതിരായ ശക്തമായ ജനരോഷമാണു കാണാന്‍ സാധിച്ചത്. അക്രമികളെ ഉടനടി നാടുകടത്തുക എന്നതായിരുന്നു പെഗിഡ സംഘടിപ്പിച്ച പ്രക്ഷോഭത്തിലെ പ്രധാന മുദ്രാവാക്യം.

മുസ്ലിംകളായ അഭയാര്‍ഥികളെ സ്വീകരിക്കരുതെന്നു തുടക്കം മുതല്‍ അഭിപ്രായപ്പെട്ടിരുന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ തങ്ങളുടെ നിലപാട് ശരിയായിരുന്നു എന്നു തെളിഞ്ഞതായാണ് അവകാശപ്പെടുന്നത്.

അഭയാര്‍ഥികളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്നും ഇസ്ലാം എന്നാല്‍ ഭീകരതയാണെന്നും എഴുതിയ പ്ളക്കാര്‍ഡുകള്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. കൊളോണിലെ പ്രകടനത്തിനിടെ ആറ് പാക്കിസ്ഥാനികളും ഒരു സിറിയക്കാരനും ആക്രമിക്കപ്പെട്ടു. ഫേസ്ബുക്ക് വഴി ആസൂത്രണം ചെയ്യപ്പെട്ട ആക്രമണത്തില്‍ പരിക്കേറ്റ് രണ്ട് കുടിയേറ്റക്കാര്‍ ആശുപത്രിയിലാണ്.

ഇതിനിടെ, ജര്‍മനി തിരിച്ചയയ്ക്കുന്ന അഭയാര്‍ഥികളുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. ഓസ്ട്രിയന്‍ അതിര്‍ത്തി കടന്നു വരുന്നവരാണ് ഇത്തരത്തില്‍ തിരിച്ചയയ്ക്കപ്പെടുന്നവരില്‍ ഏറെയും. വ്യക്തമായ രേഖകളില്ലാത്തവരും ജര്‍മനിയില്‍ അഭയാര്‍ഥിത്വത്തിന് താത്പര്യമില്ലാത്തവരുമാണ് ഇത്തരത്തില്‍ തിരിച്ചയയ്ക്കപ്പെടുന്നവരില്‍ ഏറെയും.

എന്നാല്‍, കൊളോണ്‍ ആക്രമണത്തിന്റെ പേരില്‍ അഭയാര്‍ഥികളെ മുഴുവന്‍ പഴി ചാരുന്നതും അവരെ നാടുകടത്തണമെന്ന് ആവശ്യപ്പെടുന്നതും ശരിയല്ലെന്ന വാദവും ഉയരുന്നുണ്ട്. അവസരം കിട്ടിയപ്പോള്‍ അഭയാര്‍ഥിവിരുദ്ധര്‍ അവസരം മുതലെടുക്കുകയാണെന്നും ആരോപണമുണ്ട്. പക്ഷേ, കൊളോണില്‍ ഇപ്പോള്‍ മുസ്ലിംകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന അവസ്ഥയും സംജാതമായിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍