അതിക്രമത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്; കൊളോണില്‍ പെപ്പര്‍ സ്പ്രേയ്ക്കു വന്‍ ഡിമാന്‍ഡ്
Wednesday, January 13, 2016 10:16 AM IST
കൊളോണ്‍: ലൈംഗിക അതിക്രമത്തെത്തുടര്‍ന്ന് കൊളോണില്‍ പെപ്പര്‍ സ്പ്രേയ്ക്കു ചെലവേറുന്നു. അതിക്രമിക്കാന്‍ മുതിരുന്ന പുരുഷന്മാരെ കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ക്ക് ഇതു ധാരാളം.

സിഗ്നല്‍, അലാം അല്ലെങ്കില്‍ അസ്വസ്ഥത നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള ചെറിയ തോക്കുകള്‍ക്കും ചെലവേറെയാണ്. ഇവയ്ക്ക് ലൈസന്‍സ് ആവശ്യമുള്ളതിനാല്‍ അതിനായുള്ള അപേക്ഷകളും കുമിഞ്ഞു കൂടുന്നു.

ഇതിനോടകം ഗ്യാസ് ഗണ്‍ ലൈസന്‍സിനും അപേക്ഷകര്‍ ഏറെയാണ്. കണ്ണീര്‍ വാതകമാണ് ഇതില്‍ നിറച്ചിരിക്കുന്നത്.

ജര്‍മനി പോലൊരു രാജ്യത്ത് ഇത്രയേറെ പ്രതിരോധം എന്തിനെന്നു ചോദിച്ചാല്‍, അത്രയേറെ ആശങ്കയാണ് കൊളോണ്‍ അതിക്രമം ജനങ്ങളുടെ മനസില്‍ നിറച്ചിരിക്കുന്നത്. അന്നത്തെ സംഭവങ്ങളെക്കുറിച്ച് പോലീസ് എഴുതിയ രഹസ്യ റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.

അഞ്ഞൂറിലേറെ സ്ത്രീകള്‍ അതിക്രമത്തിനിരകളായെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. അവരുടെ വസ്ത്രങ്ങള്‍ക്കുള്ളില്‍ അക്രമികള്‍ കൈ കടത്തി. ഭയന്നോടിയവരുടെ പേഴ്സും പണവും മൊബൈല്‍ ഫോണും മറ്റും കവര്‍ന്നെടുക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേസമയം, ഇരുപതു പേരുടെ ആക്രമണത്തിനിരയായ യുവതിയുടെ മൊഴിയും പുറത്തുവന്നിട്ടുണ്ട്.

സ്വയരക്ഷയ്ക്കായി ചെറിയ ആയുധങ്ങള്‍ കൈവശം വയ്ക്കാനുള്ള അപേക്ഷകരുടെ എണ്ണം ദിനംപ്രതി ഏറിവരികയാണ്. പോലീസ് തന്നെ അപേക്ഷഫോറങ്ങള്‍ വിതരണം ചെയ്തു തുടങ്ങി. ഇതിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍