കൊളോണ്‍ ലൈംഗികാതിക്രമം: മാധ്യമങ്ങള്‍ക്കും വിമര്‍ശനം
Tuesday, January 12, 2016 10:05 AM IST
കൊളോണ്‍: പുതുവര്‍ഷത്തലേന്നു രാത്രി കൊളോണില്‍ സ്ത്രീകള്‍ കൂട്ടമായി ലൈംഗിക അതിക്രമത്തിനു വിധേയരായ സംഭവം റിപ്പോര്‍ട്ട് ചെയ്ത രീതിയുടെ പേരില്‍ രണ്ടു പ്രമുഖ ജര്‍മന്‍ ദിനപത്രങ്ങള്‍ വിമര്‍ശനം നേരിടുന്നു. സംഭവത്തെപ്പറ്റി മാധ്യമങ്ങള്‍ ആദ്യം മൂടിവെച്ചുവന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത വസ്തുതയാണ്.

അക്രമ വാര്‍ത്തകള്‍ക്കൊപ്പം കൊടുത്തിരുന്ന ചിത്രങ്ങള്‍ സ്ത്രീവിരുദ്ധവും വംശീയവിദ്വേഷം കലര്‍ന്നതുമായിരുന്നു എന്നാണ് പ്രധാന ആരോപണം. ദ സ്യൂഡ് ഡോയ്റ്റ്ഷെ സൈറ്റൂങ് എന്ന പത്രം ഇതിന്റെ പേരില്‍ പരസ്യമായ മാപ്പപേക്ഷയും പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ചിത്രങ്ങള്‍ കൂടാതെ, മുസ്ലിംകളെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടുകളും വിമര്‍ശനവിധേയമാകുന്നുണ്ട്.

കൊളോണില്‍ ലൈംഗിക അതിക്രമം നടത്തിയ സംഘത്തില്‍ ബഹുഭൂരിപക്ഷവും വിദേശികള്‍ തന്നെയായിരുന്നു എന്ന് വെസ്റ് ഫാളിയ ആഭ്യന്തര മന്ത്രി റാല്‍ഫ് ജേഗര്‍. അക്രമ സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്നത് ജേഗറാണ്. വിദേശികളാണ് അക്രമത്തിനു പിന്നിലെന്നു സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള തുറന്ന വെളിപ്പെടുത്തലും ഇതാദ്യമാണ്. സംശയത്തിന്റെ പേരില്‍ അറസ്റ് നടത്തിയെന്നു പോലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും കാര്യങ്ങള്‍ ഇപ്പോഴും പുകമറയിലാണ്.

വടക്കന്‍ ആഫ്രിക്കക്കാരും അറബികളുമാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ ആയിരത്തോളം പേരുണ്ടായിരുന്നു. അഞ്ഞൂറിലേറെ പരാതികള്‍ ഇതുവരെ ലഭിച്ചു കഴിഞ്ഞെന്നും മന്ത്രി. പരാതിയുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. പക്ഷെ വിദേശി വിരോധവും അഭയാര്‍ഥികളോടുള്ള പകയും സാധാരണ ജനങ്ങളില്‍ അടിക്കടി വര്‍ധിക്കുകയാണ്. പോലീസിന്റെ സേവനം കൂടുതല്‍ വര്‍ധിപ്പിക്കുകയും ചെയ്തു. കൂടുതല്‍ സേനാംഗങ്ങളെ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ സ്വൈര്യജീവിതത്തിനു തടസങ്ങളായിരിക്കും ഇനിയുള്ള കാലങ്ങളില്‍. ലോകപ്രശസ്ത കാര്‍ണിവല്‍ സീസണ്‍ അടുക്കുകയാണ്. എവിടെയും കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്കായി ജനം ഒത്തുകൂടുന്ന പതിവുള്ള ജര്‍മനിയിലെ അതിരില്ലാത്ത ആഘോഷങ്ങള്‍ക്ക് കടിഞ്ഞാണിടുന്ന സംഭവങ്ങളാണ് കഴിഞ്ഞ ഒന്നരയാഴ്ചയായി അരങ്ങേറുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍