കൊളോണില്‍ ഇന്ത്യന്‍ കൂട്ടായ്മ ക്രിസ്മസ് ആഘോഷിച്ചു
Monday, January 11, 2016 9:46 AM IST
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍, എസന്‍, ആഹന്‍ രൂപതകളിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉണ്ണിയേശുവിന്റെ ജനനത്തിരുനാള്‍ ആഘോഷിച്ചു.

ഡിസംബര്‍ 25ന്(വെള്ളി) വൈകുന്നേരം നാലിനു കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയത്തില്‍ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കി. ബെല്‍ജിയത്തെ ലുവൈന്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുന്ന ഫാ. തോമസ് വടക്കേല്‍ ദിവ്യബലിയില്‍ സഹകാര്‍മികനായിരുന്നു.

യൂത്ത്കൊയറിന്റെ ഭക്തിനിര്‍ഭരമായ ഗാനാലാപനം ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. റിയാ, ജിം വടക്കിനേത്ത്, ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍, നോബിള്‍, നോയല്‍ കോയിക്കേരില്‍, ഡാനി ചാലായില്‍, വര്‍ഗീസ് ശ്രാമ്പിക്കല്‍ എന്നിവര്‍ ദിവ്യബലിയില്‍ ശുശ്രൂഷികളായി.

തുടര്‍ന്ന് പാരീഷ് ഹാളില്‍ മധുരം പങ്കുവയ്ക്കലും വിവിധ കലാപരിപാടികളും നടന്നു. ഇഷാനി ചിറയത്ത് പ്രാര്‍ഥനാഗീതം ആലപിച്ചു. സാറാ, ഷാവോന്‍, ജോനാസ്, എബി, ജോണ്‍, ഡേവിഡ്, കിരണ്‍, ഫിലിപ്പ്, ജോഷ്വ, തിലോച്ചന്‍, അന്ന, മായ, അഞ്ജലി, ശ്രേയ, ജോഹാന,അഡോണ എന്നീ കൊച്ചുകുരുന്നുകള്‍ അവതരിപ്പിച്ച നേറ്റിവിറ്റി പ്ളേ, യംഗ് ഫാമിലി ടീം അവതരിപ്പിച്ച കരോള്‍ ഗാനം, മ്യൂള്‍ഹൈമിലെ സിസ്റേഴ്സിന്റെ സംഘഗാനം, അലീസ കോയിക്കര, നേഹ എന്നിവരുടെ ബോളിവുഡ് നൃത്തം, ചാക്കോച്ചന്റെ ഗാനാലാപനം, നോബിള്‍, നോയല്‍, നേഹ കോയിക്കേരില്‍ എന്നിവരുടെ ക്രിസ്മസ് ഗാനം (ആല്‍ബം 'അനുപമസ്നേഹം') തുടങ്ങിയ പരിപാടികള്‍ ആഘോഷത്തെ വര്‍ണാഭമാക്കി. ക്രിസ്മസ് പപ്പയായി വേഷമിട്ട സണ്ണി വേലൂക്കാരന്‍ കുട്ടികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. തംബോലയില്‍ വിജയികളായവര്‍ക്കും പരിപാടിയില്‍ പങ്കെടുത്ത കുരുന്നുകള്‍ക്കും ഇഗ്നേഷ്യസച്ചന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ജോസ്ന വെമ്പാനിക്കല്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. കമ്യൂണിറ്റിയിലെ യംഗ് ഫാമിലി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ക്രിസ്മസ് പരിപാടികള്‍ കോഓര്‍ഡിനേറ്റു ചെയ്തത്. ഫാ. ഇഗ്നേഷ്യസ് സ്വാഗതവും കോഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി നന്ദിയും പറഞ്ഞു. കോഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളായ മേഴ്സി തടത്തില്‍, സാബു കോയിക്കേരില്‍, ബെന്നിച്ചന്‍ കോലത്ത്, എല്‍സി വേലൂക്കാരന്‍, ഷീബ കല്ലറയ്ക്കല്‍ എന്നിവര്‍ പരിപാടികളുടെ ക്രമീകരണങ്ങള്‍ നടത്തി.

കമ്യൂണിറ്റിയിലെ ഒമ്പത് കുടുംബകൂട്ടായ്മകളായ ബോഹും, ഹോള്‍വൈഡെ, ലിങ്ക്സ്റൈനിഷ്, ഡ്യൂസല്‍ഡോര്‍ഫ്, ബോണ്‍, ഡൂയീസ്ബുര്‍ഗ്, മൊന്‍ഷന്‍ഗ്ളാഡ്ബാഹ്, ബെര്‍ഗിഷസ്ലാന്റ്, എര്‍ഫ്റ്റ്ക്രൈസ് എന്നിവിടങ്ങളിലും ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍