മേഴ്സിസൈഡ് റോയല്‍സിന്റെ ക്രിസ്മസ്-പുതുവത്സര ആഘോഷം വര്‍ണാഭമായി
Monday, January 11, 2016 9:45 AM IST
ലിവര്‍പൂള്‍: മേഴ്സിസൈഡ് റോയല്‍സിന്റെ ക്രിസ്മസ്- പുതുവത്സര ആഘോഷവും മേഴ്സിസൈഡ് റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന റോയല്‍ മലയാളം ഭാഷാ വിദ്യാലയത്തിന്റെ സമ്മാന പുരസ്കാര ചടങ്ങും സംയുക്തമായി അപ്റ്റന്‍ സെന്റ് ജോസഫ്സ് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു.

കുട്ടികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളോടെ ആരംഭിച്ച ആഘോഷ പരിപാടി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്കൊണ്ട് അവിസ്മരണീയമായി. വിശിഷ്ടാതിഥികളെ ക്രിസ്മസ് പാപ്പയുടെ നേതൃത്വത്തില്‍ റോയല്‍ മലയാളം ഭാഷാ സ്കൂളിലെ കുട്ടികള്‍ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ജിനോയി മാടന്‍ സ്വാഗതം ആശംസിച്ചു. ആഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം വിറല്‍ കൌണ്‍സില്‍ മേയര്‍ കൌണ്‍സിലര്‍ ലെസ് റൌളന്‍സ്, മേയറസ് പൌള റൌളന്‍സ,് വിറല്‍ ഏഷ്യന്‍ അസോസിയേഷന്‍ ചെയര്‍പേഴ്സണ്‍ ഡോ.ശാന്തി സാഗര്‍, ഫാ.തോമസ് തോപ്പാപറമ്പില്‍, ബിജു പീറ്റര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. ചടങ്ങില്‍ ബിജു പീറ്റര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മേയറും മേയറസും ചേര്‍ന്ന് കേക്ക് മുറിച്ചു. സെബാസ്റ്യന്‍ ജോസഫ്, ഫാ.റോജര്‍ ക്ളാര്‍ക്ക്, ഡോ.ശാന്തി സാഗര്‍, ഷോണ്‍ മാര്‍ണല്‍, കുമാരി ടാലിയ പീറ്റര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

റോയല്‍ മലയാളം ഭാഷാ വിദ്യാലയത്തിലെ കുട്ടികളും മേഴ്സിസൈഡ് റോയല്‍സിന്റെ അംഗങ്ങളും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

റോയല്‍ ലേഡീസ് ഡാന്‍ഡിയ നൃത്തം അവതരിപ്പിച്ചു. റോയല്‍ മലയാളം സ്കൂളിലെ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും അവാര്‍ഡുകളും മേഴിസൈഡ് ഭാഗത്തുനിന്നും ജിസിഎസ്സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള പ്രത്യക പുരസ്കാരങ്ങളും മേയറും മേയറസും മറ്റ് വിശിഷ്ടാതിഥികളും ചേര്‍ന്ന് സമ്മാനിച്ചു. മാസ്റര്‍ ജോഫിന്‍ ജോര്‍ജ് നന്ദിയും ആഘോഷപരിപടികള്‍ സ്പേണ്‍സര്‍ ചെയ്ത ബിര്‍ക്കിന്‍ഹെഡിലെ ടുഡെയ്സ് ലോക്കല്‍ ഗ്രോസറി ഷോപ്പ് മാനേജുമെന്റിനും കാര്‍ ആന്റ് കാബ് മാനേജ്മെന്റിനും ആശംസയും നേര്‍ന്നു. സന്നിഹിതരായിരുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ടുഡെയ്സ് ലോക്കല്‍ (സൌത്ത് ഇന്ത്യന്‍ ഗ്രോസറി ഷോപ്പ്) പ്രത്യേക സമ്മാനങ്ങള്‍ നിറച്ച കിറ്റുകള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ ഫുഡ് ഫെസ്റോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.