ഇറ്റലിയില്‍ അനധികൃത കുടിയേറ്റം ക്രിമിനല്‍ കുറ്റം അല്ലാതാക്കുന്നു
Saturday, January 9, 2016 10:40 AM IST
റോം: മതിയായ യാത്രാ രേഖകളില്ലാതെ അനധികൃതമായി വിദേശികള്‍ രാജ്യത്തു കടക്കുന്നത് ക്രിമിനല്‍ കുറ്റം അല്ലാതാക്കാന്‍ ഇറ്റലി തീരുമാനിച്ചു. സര്‍ക്കാരിന്റെ നീക്കത്തിനെതിരേ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു.

അടുത്ത ആഴ്ചയാണ് ഇതു സംബന്ധിച്ച ബില്‍ മന്ത്രിസഭാ യോഗം പരിഗണിക്കുക. നിലവില്‍ അനധികൃത കുടിയേറ്റക്കാരെയും വീസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവരെയും വിചാരണ ചെയ്യാനും പിഴ ചുമത്താനും വ്യവസ്ഥയുണ്ട്. നിയമ ഭേദഗതിയില്‍ ഇവ ഒഴിവാക്കും.

അതേസമയം, അഭയാര്‍ഥികളെ കടത്തുന്നവര്‍ക്കുള്ള ശിക്ഷയില്‍ ഇളവൊന്നും ലഭിക്കില്ല. ജയിലുകളിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമാണ് പുതിയ ബില്‍. ഒപ്പം, കുടിയേറ്റക്കാര്‍ക്ക് കരിഞ്ചന്ത തൊഴിലുടമകളുടെ ചൂഷണത്തില്‍നിന്നു സംരക്ഷണം നല്‍കാനും ഉദ്ദേശിക്കുന്നു.

2009 ലാണ് ഇറ്റലിയിലെ സില്‍വിയോ ബര്‍ലുസ്കോണിയുടെ സര്‍ക്കാര്‍ അനധികൃത കുടിയേറ്റം ക്രിമിനല്‍ കുറ്റമാക്കിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍