അന്താരാഷ്ട്ര കാന്‍സര്‍ സമ്മേളനത്തില്‍ മലയാളി ഡോക്ടര്‍മാര്‍ക്ക് അംഗീകാരം
Friday, January 1, 2016 10:15 AM IST
സിംഗപ്പൂര്‍: സിംഗപ്പൂരില്‍ നടന്ന അന്താരാഷ്ട്ര കാന്‍സര്‍ രോഗ വിദഗ്ധരുടെ സമ്മേളനത്തില്‍ മലയാളി ഡോക്ടര്‍മാര്‍ക്ക് അംഗീകാരം.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വിഭാഗം രണ്ടാം യൂണിറ്റ് മേധാവിയും അസോസിയേറ്റ് പ്രഫസറുമായ ഡോ. അരവിന്ദ് എസ്. ആനന്ദ്, ഡോ. പി.എസ്. ശബരിനാഥ്, ഡോ. വിപിന്‍ ജോര്‍ജ് എന്നിവര്‍ക്കാണ് അംഗീകാരം ലഭിച്ചത്.

എസ്മോ ഏഷ്യാ 2015 സമ്മേളനത്തില്‍ മള്‍ട്ടിപ്പിള്‍ മയിലോമ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചതിനാണ് ഡോ. അരവിന്ദ് എസ്. ആനന്ദിന് അംഗീകാരം ലഭിച്ചത്. ഈ പ്രബന്ധം വളരെ നൂതനവും പ്രശംസനീയവുമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഈ വിഭാഗത്തിലെ തന്നെ സീനിയര്‍ റസിഡന്റായ ഡോ. പി.എസ്. ശബരിനാഥ്, ഡോ. വിപിന്‍ ജോര്‍ജ് എന്നിവര്‍ വന്‍കുടല്‍ രോഗത്തിനെപറ്റിയുള്ള പഠനത്തിന്റെ പോസ്റര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടി.

യൂറോപ്യന്‍ സൊസൈറ്റി ഓഫ് മെഡിക്കല്‍ ഓങ്കോളജിയുടെ ആഭിമുഖ്യത്തില്‍ നടന്ന കാന്‍സര്‍ രോഗ വിദഗ്ധരുടെ സമ്മേളനത്തില്‍ ഇന്ത്യയില്‍നിന്നും നാലു പ്രബന്ധങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.