ബ്രിസ്ബെയ്നില്‍ അയ്യപ്പപൂജ നടത്തി
Wednesday, December 30, 2015 5:14 AM IST
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നില്‍ കുന്നന്താനം സ്വദേശി ഉണ്ണികൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ അയ്യപ്പപൂജ നടന്നു.

ഡിസംബര്‍ 21ന് എനോഗ്ര സ്റേറ്റ് സ്കൂള്‍ ഹാളില്‍ ആയിരുന്നു പൂജ സംഘടിപ്പിച്ചത്. ജാതിമത ഭേദമെന്യെ നൂറുകണക്കിനു ഭക്തര്‍ പൂജയില്‍ പങ്കെടുത്തു.

ശത്രു സംഹാരമൂര്‍ത്തിയായ ഹരിയുടെയും ഹരന്റെയും ഹരിഹര പുത്രന്റേയും അഷ്ടോത്തര നാമവലിയോടെ ആറിന് പൂജ ആരംഭിച്ചു. വ്രതാനുഷ്ടാനത്തോടെ കറുപ്പ് വസ്ത്രം ഉടുത്ത 18 ഭക്തന്മാര്‍ അഷ്ടോത്തര നാമവലി ചൊല്ലി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ദീപാരാധനയും ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ഭജനയും നടന്നു. 18 പടിയില്‍ വിളക്കു കത്തിച്ച് പാടി പാട്ടും പാടി കര്‍പ്പൂരാരാധനയും നടത്തി രാത്രി 8.45 നോട് ശ്രീധര്‍മ ശാസ്താവിന്റെ താരാട്ടുപാട്ടായ ഹരിവരാസനവും പാടി ഈ വര്‍ഷത്തെ പൂജ പര്യവസാനിച്ചു.

ഉണ്ണികൃഷ്ണന്‍ നായരുടെ പരിശ്രമത്തിന്റെ ഫലമായാണ് ബ്രിസ്ബെയ്നില്‍ അയ്യപ്പ ക്ഷേത്രം പണികഴിപ്പിച്ചത്. ശ്രീ സെല്‍വ വിനായകര്‍ ക്ഷേത്രത്തിനുള്ളില്‍ പണി കഴിപ്പിച്ചിരിക്കുന്ന ശ്രീ അയ്യപ്പ ക്ഷേത്രത്തിന്റെ കുംഭാഭിഷേകം മാവേലിക്കര വാമനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മേയിലാണു നടന്നത്.

റിപ്പോര്‍ട്ട്: ടോം ജോസഫ്