ചില്ലാ അയ്യപ്പ പൂജാ സമിതി മണ്ഡല പൂജ നടത്തി
Monday, December 7, 2015 10:02 AM IST
ന്യൂഡല്‍ഹി: ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 18 വര്‍ഷങ്ങളായി ജാതി മത ഭേദമന്യേ നടത്തി വരുന്ന മണ്ഡലപൂജ ഡിസംബര്‍ നാല്, അഞ്ച് തീയതികള്‍ ആഘോഷിച്ചു.

രണ്ടു ദിവസങ്ങളിലായാണ് പൂജാദി കര്‍മങ്ങള്‍ നടന്നത്. ആദ്യ ദിവസമായ നാലിന് സ്ഥല ശുദ്ധി, ഗുരുവായൂരപ്പന്‍ ബാലഗോകുലത്തിലെ കുട്ടികള്‍ അവതരിപ്പിച്ച ഭജന, സര്‍വൈശ്വര്യ പൂജ, സ്വമിക്കഞ്ഞി എന്നിവയായിരുന്നു പ്രധാന പരിപാടികള്‍.

മഹാഗണപതി ഹോമത്തോടെയാണു രണ്ടാം ദിവസത്തെ പൂജാദി കര്‍മങ്ങള്‍ ആരംഭിച്ചത്. ചടങ്ങുകള്‍ക്ക് മനോജ് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. സേതുരാമന്‍ പരികര്‍മിയായിരുന്നു. പ്രഭാത പൂജകള്‍ക്കുശേഷം മുരളീധരന്‍ ആറന്മുള, സന്തോഷ് നാരങ്ങാനം, ശൂരനാട് ശാന്തകുമാര്‍, ചിത്രാ വേണുധരന്‍, സുധീര്‍ വൈക്കം, അനീഷ് ശൂരനാട്, അശ്വിന്‍ എസ്. കുമാര്‍ എന്നിവരുടെ ഭക്തി ഗാനങ്ങള്‍ അരങ്ങേറി. തുടര്‍ന്ന് ഉച്ച ദീപാരാധനയ്ക്കുശേഷം നടന്ന ശാസ്താപ്രീതിയില്‍ 750ല്‍പരം ഭക്തജനങ്ങള്‍ പങ്കെടുത്തു.

വൈകുന്നേരം ശ്രീ ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ അയ്യപ്പ സ്വാമിയുടെ ശ്രീകോവിലില്‍നിന്നു പകര്‍ന്നു നല്‍കിയ ദീപനാളത്താല്‍ കൊളുത്തിയ പൂത്താലങ്ങളുമായി ബാലികമാരും സ്ത്രീജനങ്ങളും പങ്കെടുത്ത എഴുന്നെള്ളത്ത് മുടപ്പല്ലൂര്‍ ജയകൃഷ്ണനും സംഘവും അവതരിപ്പിച്ച വാദ്യമേളങ്ങളുടേയും ടി.വി.എസ്. കന്തസ്വമിയും സംഘവും അവതരിപ്പിച്ച നാദസ്വര മേളത്തിന്റെയും കുട്ടികളുടെ പീലിക്കാവടിയുടെയും ശരണ മന്ത്രങ്ങളുടെയും അകമ്പടിയോടെ ഏഴിന് പൂജാ പാര്‍ക്കില്‍ താത്കാലികമായി സജ്ജമാക്കിയ ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്നു. മഹാദീപാരാധനയ്ക്കുശേഷം ശ്രീ മൂകാംബികാ കീര്‍ത്തന സംഘം ഭജനാര്‍ച്ചന നടത്തി. തുടര്‍ന്ന് കരിമരുന്നു പ്രകടനവും പ്രസാദ വിതരണവും ലഘുഭക്ഷണവും നടന്നു.

അയ്യപ്പ പൂജയുടെ ഭാഗമായി വര്‍ഷം തോറും നടത്തിവരുന്ന 'അശരണര്‍ക്ക് ആഹരം' എന്ന പാവങ്ങള്‍ക്ക് ഒരു നേരം ഭക്ഷണം നല്‍കുക എന്ന ചടങ്ങിന്റെ ഉദ്ഘാടനം ഡിഡിഎ ഫ്ളാറ്റ്സിന്റെ പ്രധാന കവാടത്തില്‍ യു.കെ. കേശവന്‍ നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി