കാലാവസ്ഥാ ഉച്ചകോടി; പാരീസില്‍ 500 പേര്‍ അറസ്റില്‍
Monday, November 30, 2015 10:03 AM IST
പാരീസ്: ഫ്രഞ്ച് തലസ്ഥാനത്തു നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കു മുന്നോടിയായി പ്രകടനം നടത്തിയവര്‍ പോലീസുമായി ഏറ്റുമുട്ടി. അഞ്ഞൂറു പേരെ അറസ്റ് ചെയ്തു. ഇതില്‍ 174 പേരെ കസ്റഡിയില്‍ വച്ചിരിക്കുകയാണ്.

തീവ്ര ഇടതുപക്ഷ വിഭാഗക്കാരാണ് പ്രകടനം സംഘടിപ്പിച്ചത്. പാരീസ് ആക്രമണത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി പൂക്കളും മെഴുകുതിരികളും വയ്ക്കുന്ന പ്ളേസ് ഡെ ലാ റിപ്പബ്ളിക്കിലായിരുന്നു പ്രകടനം.

ഇവിടെ കത്തിച്ചുവച്ചിരുന്നു മെഴുകുതിരികളും കൈയില്‍ കരുതിയിരുന്ന കുപ്പികളും മറ്റും ഉപയോഗിച്ച് പ്രകടനക്കാര്‍ പോലീസിനെ എറിഞ്ഞു. ഇവരുടെ പ്രതികരണം വിചിത്രമായിരിക്കുന്നു എന്നു ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ്. പരിസ്ഥിതി സംരക്ഷണമല്ല ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, കാലാവസ്ഥാ ഉച്ചകോടിക്കു വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്നതിനെയും ദരിദ്ര രാജ്യങ്ങള്‍ക്കു ദോഷകരമായ വിധത്തിലും സമ്പന്ന രാജ്യങ്ങള്‍ക്കു നിര്‍ബാധം ചൂഷണം തുടരാവുന്ന വിധത്തിലും നയങ്ങള്‍ രൂപീകരിക്കുന്നതിനെയുമാണു പ്രക്ഷോഭകര്‍ എതിര്‍ക്കുന്നത്.

കോര്‍പറേറ്റ് സ്പോണ്‍സര്‍ഷിപ്പിനെ എതിര്‍ക്കുന്ന അറുനൂറോളം കലാ വസ്തുക്കള്‍ ഉച്ചകോടി നടക്കുന്ന പ്രദേശത്തുനിന്നുതന്നെ പോലീസ് എടുത്തു മാറ്റി. അനധികൃതം എന്ന പേരിലാണു നടപടി.

195 രാജ്യങ്ങളുടെ പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 147 രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കു സംസാരിക്കാന്‍ അവസരം കിട്ടും. ഉച്ചകോടിക്കായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണു ഫ്രാന്‍സില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍