കരുണയുടെ കരം പിടിച്ച് കനിവിന്റെ നിറവുമായി സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളി കൂട്ടായ്മ ബി ഫ്രണ്ട്സ്
Monday, November 30, 2015 10:02 AM IST
കുറവിലങ്ങാട്: സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളികളുടെ കാരുണ്യത്തിന്റെ നിറവ് കേരളത്തിലേക്കും. സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ പ്രവാസി സംഘടനയായ ബി ഫ്രണ്ട്സ് കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഐ ഷെയര്‍എന്ന ചാരിറ്റി പ്രോജക്ടിലൂടെ മുതിര്‍ന്നവരില്‍നിന്നും കുട്ടികളില്‍നിന്നും ഓരോ ആഴ്ചയില്‍ ഒരു ഫ്രാങ്ക് വീതം സമാഹരിച്ച തുക കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ക്കും കഷ്ടതയനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും രോഗപീഡയാല്‍ വലയുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പങ്കുവച്ചപ്പോള്‍ അത് കടല്‍ കടന്നെത്തിയ കരുണ്യത്തിന്റെ, നല്ലശമറിയാക്കാരന്റെ ഉപമയായി മാറി.

കുറവിലങ്ങാട് സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളില്‍ നവംബര്‍ 26നു നടന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ സാമ്പത്തിക സഹായം വിതരണം ചെയ്തു. ചടങ്ങില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ബി ഫ്രണ്ട്സ് പ്രസിഡന്റും പ്രോജക്ട് ചീഫ് കോഓര്‍ഡിനേറ്ററുമായ ടോമി തൊണ്ടാംകുഴി അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ബി ഫ്രണ്ട്സ് ചെയ്തു വരുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് ടോമി തൊണ്ടാംകുഴിയുടെ പ്രസംഗത്തില്‍ നിറഞ്ഞു നിന്നു. കുരുന്നുകളിലൂടെ കുരുന്നുകളിലേയ്ക്കും തുടര്‍ന്ന് സമൂഹത്തിന്റെ നാനാ തുറകളിലേയ്ക്കും വ്യാപിക്കുന്ന അതി ബൃഹത്തായ പദ്ധതിയാണ് ബി ഫ്രണ്ട്സ് സംഘടന വിഭാവനം ചെയ്തിരിക്കുന്നതെന്നും കുട്ടികളിലെ ജീവകാരുണ്യ വാസന വളര്‍ത്തുവാനും വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ രണ്ടാം തലമുറയെ നാടുമായി ബന്ധിപ്പിക്കാനും ഐ ഷെയര്‍ പ്രോജക്ടുവഴി ബി ഫ്രണ്ട്സിനു സാധിക്കുന്നുണ്ടെന്നും ഈ പ്രോജക്ടില്‍ അംഗങ്ങളായവരില്‍ നിന്നു സ്വീകരിച്ച അപേക്ഷകള്‍ പരിഗണിച്ചതില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു തെരെഞ്ഞെടുക്കപ്പെട്ട 16 പേര്‍ക്കാണ് ആദ്യഘട്ടമെന്ന നിലയില്‍ സഹായം നല്‍കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

ഉള്ളതിന്റെ ചെറിയോരോഹരി മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാന്‍ തയാറായ, നന്മയുടെ ഉറവവറ്റാത്ത സ്വിസിലെ മലയാളി മനസുകളുടെ പൂര്‍ണമായ സഹകരണവും ബി ഫ്രണ്ട്സ് അംഗങ്ങളുടെയും പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരുടെ കൂട്ടായ പരിശ്രമത്തിന്റയും ഫലമാണ് ഈ പ്രോജക്ടിന്റെ വിജയമെന്നും ടോമി കൂട്ടിച്ചേര്‍ത്തു.

ഭാവിയില്‍ യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ സമാനലക്ഷ്യമുള്ള സംഘടനകളുമായി സഹകരിച്ചുകൊണ്ട് പ്രോജക്ട് നടപ്പാക്കുമെന്നും അഭിപ്രായപെട്ടു.

ജില്ലാ പഞ്ചായത്ത് മെംബര്‍ സക്കറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ 31 സ്കൂളുകളില്‍ ഒരു ദിവസം ഒരു റുപ്പി എന്ന തോതില്‍ കൊച്ചി ആസ്ഥാനമായുള്ള ആല്‍ഫ ഫൌണ്േടഷന്റെ മേല്‍നോട്ടത്തില്‍ ഐ ഷെയര്‍ പദ്ധതി നടന്നു വരുന്നു. പദ്ധതിയുടെ മുപ്പത്തിരണ്ടാമത്തെ സ്കൂളായി സെന്റ് മേരീസ് സ്കൂള്‍ തെരഞ്ഞെടുക്കുകയും തദവസരത്തില്‍ ഔപചാരികമായി പ്രോജക്ടിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന്‍ നിര്‍വഹിച്ചു. ആല്‍ഫ ഫൌണ്ടേഷന്റെ ചെയര്‍മാന്‍ മാത്യു ബി. കുര്യന്‍ ഡോക്കുമെന്റുകള്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് സി. റീജാ മരിയക്ക് കൈമാറി. ബ്ളോക്ക് മെംബര്‍ ആന്‍സി ജോസ്, പഞ്ചായത്ത് മെംബര്‍ മോഹനന്‍, സാമൂഹിക പ്രവര്‍ത്തകയും മരങ്ങാട്ടുപള്ളി പഞ്ചായത്ത് മെംബറുമായ ആന്‍സമ്മ സാബു, സ്കൂള്‍ പിടിഎ വൈസ് പ്രസിഡന്റ് വിനോദ് എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റര്‍ റീജ മരിയ സ്വാഗതവും ബി ഫ്രണ്ട്സിനു വേണ്ടി അരുണ്‍ ജോസഫ് നന്ദിയും പറഞ്ഞു.

പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായി ബേബി തടത്തില്‍, ജെസ്വിന്‍ പുതുമന, പ്രിന്‍സ് കാട്രുകുടിയില്‍, ബിന്നി വെങ്ങപ്പള്ളി, ജോസ് പെല്ലിശേരി, സെബാസ്റ്യന്‍ അറക്കല്‍, വര്‍ഗീസ് പൊന്നാനകുന്നേല്‍, ലാല്‍ മണിയന്‍കേരികളം എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍