ഫോബ്മ കലോത്സവം 2015 നു ഉജ്ജ്വല പരിസമാപ്തി; സാന്‍ ജോര്‍ജ് തോമസ് കലാപ്രതിഭ, മരിയ കുര്യാക്കോസ് കലാതിലകം
Monday, November 30, 2015 9:24 AM IST
ലണ്ടന്‍: ഫോബ്മ കലോത്സവം 2015നു ബര്‍മിംഹ്ഹാമില്‍ കൊടിയിറങ്ങി. വാശിയേറിയ മത്സരത്തില്‍ ഇഞ്ചോടിഞ്ചു പോരാട്ടം നടത്തി കലാ പ്രതിഭ കലാ തിലക പട്ടങ്ങള്‍ക്കും സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പോന്‍സര്‍ ചെയ്ത സ്വര്‍ണ നാണയത്തിനും ഹള്‍ ഇന്ത്യന്‍ ലാംഗ്വേജ് സപ്ളിമെന്ററി സ്കൂള്‍ ടീമിലെ സാന്‍ ജോര്‍ജ് തോമസും ഇവ മരിയ കുര്യക്കോസും അര്‍ഹരായി.

നവംബര്‍ 28നു രാവിലെ 11നു മറ്റു കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പം ഫോബ്മ പ്രസിഡന്റ് ഐസക് ഉമ്മന്‍ തിരി തെളിച്ച് കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രതികൂല കാലാവസ്ഥയെതുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകിയാണു മത്സരങ്ങള്‍ ആരംഭിച്ചത്.

ഗാനം, മോണോ ആക്ട്, ഫാന്‍സി ഡ്രസ്, ഗ്രൂപ്പ് സോംഗ് എന്നിവയില്‍ ലഭിച്ച ഒന്നാം സ്ഥാനങ്ങളും മിമിക്രിയില്‍ ലഭിച്ച രണ്ടാം സ്ഥാനവുമാണു സാന്‍ ജോര്‍ജിനു കലാ പ്രതിഭ പട്ടം നേടി കൊടുത്തത്. പാലക്കാട്, വടക്കാഞ്ചേരി സ്വദേശിയായ സാന്‍, മാസ്റേഴ്സ് ഡിഗ്രി പൂര്‍ത്തിയാക്കി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ എന്‍ജിനിയറായി ജോലി ചെയ്തുവരുന്നു.

ഹള്‍ ഇന്ത്യന്‍ ലാംഗ്വേജ് സപ്ളിമെന്ററി സ്കൂളിന്റെ അമരക്കാരില്‍ പ്രധാനികളായ ഡോ. ജോജി കുര്യക്കോസിന്റേയും ഡോ. ദീപ ജേക്കബിന്റെയും മകളായ ഇവ ഹള്‍ ഹെസില്‍ മൌണ്ട് സ്കൂള്‍ രണ്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. ഡോ. ജോജി സൈക്യാട്രിസ്റ് കണ്‍സള്‍ട്ടന്റായും ഡോ. ദീപ ഹിസ്റോ പാത്തോളജി മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് ആയും ജോലി ചെയ്യുന്നു. ക്ളാസിക്കല്‍ ഡാന്‍സ്, മോഹിനിയാട്ടം, ഐറിഷ് ഡാന്‍സ്, ബാല്ലെറ്റ് ഡാന്‍സ്, പിയാനോ എന്നിവയിലും വിദഗ്ധ പരിശീലനം നേടിയിട്ടുള്ള ഇവ, കിഡ്സ് വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യന്‍ പട്ടവും കരസ്ഥമാക്കി.

വിശിഷ്ടാതിഥിയായി പങ്കെടുത്ത പ്രസിദ്ധ സിനിമാനടനും സംവിധായകനുമായ ശങ്കറും മലയാളികളുടെ അഭിമാനമായ മഞ്ജു ഷാഹുല്‍ ഹമീദ് കാണികളുടെയും സംഘാടകരുടെയും പ്രത്യേക ആദരം ഏറ്റുവാങ്ങി. ഫാന്‍സി ഡ്രസ് മത്സരത്തില്‍ അവൈ ഷണ്‍മുഖി ആയി തിളങ്ങിയ ധീരജ് ജയകുമാര്‍ ആണ് ശങ്കറിന്റെ സിനിമയുടെ ഒഡീഷനിലേക്കു നേരിട്ടു സെലക്ഷന്‍ ലഭിച്ച കലാകാരന്മാരിലൊരാള്‍.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ബെസ്റ് അസോസിയേഷന്‍ സമ്മാനം കരസ്ഥമാക്കിയ ഹള്‍ ഇന്ത്യന്‍ ലാംഗ്വേജ് സപ്ളിമെന്ററി സ്കൂള്‍ ടീമിലെ മുഴുവന്‍ അംഗങ്ങളും തങ്ങള്‍ക്കു ലഭിച്ച കാഷ് അവാര്‍ഡുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: അജിമോന്‍ ഇടക്കര