ഇന്ത്യന്‍ നെഫ്രോളജി അസോസിയേഷന്‍ ഓഫ് പെന്‍സില്‍വേനിയ ഉദ്ഘാടനം ചെയ്തു
Monday, November 30, 2015 6:49 AM IST
ഫിലഡല്‍ഫിയ: പ്രശസ്ത ഗാസ്ട്രോ എന്ററോളജിസ്റും പെന്‍സ്റ്റേറ്റ് ഹെര്‍ഷി മെഡിക്കല്‍ സെന്റര്‍ പ്രൊഫസ്സറുമായ ഡോ. ഏബ്രാഹം മാത്യു ഭദ്രദീപം തെളിച്ച് ഇന്ത്യന്‍ നെഫ്രോളജി അസോസിയേഷന്‍ ഓഫ് പെന്‍സില്‍വേനിയ (ഐഎന്‍എപി - ഐനാപ്) എന്ന പ്രഫഷണല്‍ സംഘടന ഉദ്ഘാടനം ചെയ്തു. പെന്‍സില്‍വേനിയയില്‍ ഡയാലിസിസ് മേഖലയില്‍ സേവനം ചെയ്യുന്ന ഇന്ത്യന്‍ വശജരായ ടെക്നീഷ്യന്മാരുടെയും നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും മാനേജര്‍മാരുടെയും അനുബന്ധ പ്രൊഫഷനലുകളുടെയും ഐക്യ പ്രവര്‍ത്തന സംഘടനയാണ് ഐനാപ്.

നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മെഡിക്കല്‍ പ്രഫഷണല്‍ സംഘടനകള്‍ക്കും വിശിഷ്യാ പിയാനോയ്ക്കും (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് ഓര്‍ഗനൈസേഷന്‍) പൂരകമായാണ് ഐനാപ് സംഘടന പ്രവര്‍ത്തിക്കുക എന്നു മുഖ്യ സംഘാടകന്‍ ജോസ് പാലത്തിങ്കല്‍ പറഞ്ഞു. ആദ്യ യോഗത്തില്‍ തന്നെ ഇരുനൂറിലധികം പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു എന്നത് ഈ സംഘടനയുടെ പ്രസക്തി ഉറപ്പിച്ചു.

ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. ഏബ്രാഹം മാത്യു ഇങ്ങനെ പറഞ്ഞു: 'വൈദ്യരംഗം പരിവര്‍ത്തനത്തിലാണ്. സാധാരണയായി പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ പ്രതീക്ഷിക്കണം. ഒരേ കലോറി ആഹാരം കഴിക്കുന്ന വ്യത്യസ്തരായ രണ്ടു പേരില്‍ അതിന്റെ ആഗിരണം രണ്ടു തരത്തിലായിരിക്കും. ഒരേ കാലറി ഭക്ഷണം തുല്യ അളവില്‍ ഈ രണ്ടു പേരും കഴിച്ചാലും ഒരാള്‍ക്ക് ഒബീസിറ്റി വരാം, മറ്റേയാള്‍ സ്ലിം ആയിരിക്കാം. വയറില്‍ വളരുന്ന വിഭിന്ന ബാക്ടീരിയകളുടെ പ്രവര്‍ത്തനമാണു കാരണമെന്ന് ആധുനികശാസ്ത്രം പറയുന്നു. കണ്ടുപിടുത്തങ്ങളുടെ ലോകം കണ്ണഞ്ചിപ്പിച്ച് വളരുകയാണ്. അതനുസരിച്ച് മലയാളികള്‍ എക്സലന്‍സിനു കൂടുതല്‍ ശ്രദ്ധിക്കണം. തൊലിനിറംകൊണ്ട് അന്യായമായി ഭവിച്ചേക്കാവുന്ന തൊഴില്‍രംഗ വിവേചനങ്ങള്‍ മറികടക്കാന്‍ നമുക്ക് കരുത്തു തരേണ്ടത് നാം പ്രഫഷണില്‍ കാണിക്കുന്ന കിടയറ്റ പ്രാഗല്ഭ്യമാണ്. ഐനാപ് പ്രസിഡന്റ് കുര്യന്‍ ജോര്‍ജ് അധ്യക്ഷനായിരുന്നു. അംഗങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം, പ്രഫഷണല്‍ ആശയ വിനിമയം, ജോലി ലഭ്യതയിലുള്ള സഹായം, തുടര്‍ വിദ്യാഭ്യാസ വേദി എന്നിവയാണു മുഖ്യ ലക്ഷ്യങ്ങള്‍ എന്നു അധ്യക്ഷന്‍ കുര്യന്‍ ജോര്‍ജ് പറഞ്ഞു. സെക്രട്ടറി ബിനു ജേക്കബ് സ്വാഗത പ്രസംഗം നടത്തി.

ദൈവത്തിന്റെ ദൂതന്മാരാണ് വൈദ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്ന ചിന്ത ഉണ്ടായാല്‍ വൈദ്യ ശുശ്രൂഷകരുടെ ത്യാഗങ്ങള്‍ക്ക് മൂല്യമേറുമെന്ന് എക്യുമെനിക്കല്‍ ഫെലോഷിപ് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയാ ചെയര്‍മാന്‍ ഫാ. ജോണിക്കുട്ടി പുലിശേരി പറഞ്ഞു.

മലയാളികളായ ഒട്ടനവധി മെഡിക്കല്‍ പ്രൊഫഷനലുകളും റ്റെക്നീഷ്യന്മാരും മാനേജര്‍മാരും അഹോരാത്രം നെഫ്രോളജി വിഭാഗത്തില്‍ സേവനം ചെയ്യുന്നു എന്നതാണ് നമ്മുടെ സമൂഹത്തിന്റെ ജീവല്‍സ്പന്ദന കാരണം എന്നു യോഹന്നാന്‍ ശങ്കരത്തില്‍ പറഞ്ഞു.

മലയാളികളുടെ സേവന മനഃസ്ഥിതി അന്യാദൃശ്യമാണ്. അതിനാല്‍ അമേരിക്കയിലെ ഉത്തരവാദപ്പെട്ട മെഡിക്കല്‍ ജോലിയില്‍ നമ്മുടെ സ്ഥാനം ആര്‍ക്കും തുടച്ചു നീക്കാനാവില്ല എന്ന് മാത്യു തോമസ് ചൂണ്ടിക്കാണിച്ചു. സംഘടനാ പ്രവര്‍ത്തനത്തിലൂടെ ഐക്യം പ്രഖ്യാപിക്കുവാന്‍ കഴിയുമെന്നു തോമസ് ജോയി വ്യക്തമാക്കി. ഐനാപ്പിലൂടെ സര്‍ഗശേഷികളുടെ വളര്‍ച്ചയും സാധിക്കുമെന്ന് ആനിയാമ്മ സെബാസ്റ്യന്‍ ചൂണ്ടിക്കാണിച്ചു.

ഐനാപ് ജോയിന്റ് സെക്രട്ടറി അലന്‍ ജോര്‍ജ് മാത്യൂ നന്ദി പറഞ്ഞു. അനിതാ ബ്ളെസ്സണ്‍, മെര്‍ലിന്‍ പാലത്തിങ്കല്‍ എന്നിവര്‍ മിസ്റ്റ്രസസ് ഓഫ് സെറിമണിയായി. അഞ്ജു ബിജു ഭാരതീയ ദേശീയ ഗാനവും ലിഡിയാ മാത്യൂ അമേരിക്കന്‍ ദേശീയ ഗാനവും പാടുന്നതിന് നേതൃത്വം നല്‍കി.

വിവിധ കലാപരിപാടികളും ജോസഫ് വര്‍ഗീസിന്റെ ലളിത ഗാനവും ഡിന്നറും ഉണ്ടായിരുന്നു. അംഗങ്ങള്‍ കുടുംബസമേതം കുട്ടികളോടും മുതിര്‍ന്ന മാതാപിതാക്കളോടുമൊപ്പമാണു സമ്മേളനത്തിനു വന്നത് എന്നതു സവിശേഷതയായിരുന്നു.

കുര്യന്‍ ജോര്‍ജ് (പ്രസിഡന്റ് 215 776 4006), ജോസ് പാലത്തിങ്കല്‍ (വൈസ് പ്രസിഡന്റ് 215 939 3084), ബിനു ജേക്കബ് (സെക്രട്ടറി 215 866 8495), അലന്‍ ജോര്‍ജ് മാത്യൂ (ജോയിന്റ് സെക്രട്ടറി 610 203 0288), ജോയി കരുമത്തി (ട്രഷറാര്‍ 215 605 8939), ജോഫി ജോസഫ് (267 242 6934), ഡോണി ജോസഫ് (215 868 1050), റോബി റോയി (215 688 2579) (കള്‍ച്ചറല്‍ ആക്ടിവിറ്റീസ് കോര്‍ഡിറ്റേഴ്സ്) എന്നിവരാണ് ഭാരവാഹികള്‍.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍