കോമണ്‍വെല്‍ത്ത് ഉച്ചകോടി എലിസബത്ത് രാജ്ഞി ഉദ്ഘാടനം ചെയ്തു
Saturday, November 28, 2015 10:19 AM IST
മാള്‍ട്ട: അമ്പത്തിമൂന്ന് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടി എലിസബത്ത് രാജ്ഞി മാള്‍ട്ടയില്‍ ഉദ്ഘാടനം ചെയ്തു. രണ്ടു വര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന ഉച്ചകോടിയില്‍ ഇക്കുറി കാലാവസ്ഥാ വ്യതിയാനമാണ് മുഖ്യ ചര്‍ച്ചാ വിഷയം.

തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ കോമണ്‍വെല്‍ത്ത് ഐക്യം രൂപീകരിക്കുമെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പ്രഖ്യാപിച്ചു. ഇതിനായി യുകെ അഞ്ച് മില്യന്‍ പൌണ്ട് വകയിരുത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഫിലിപ് രാജകുമാരന്‍, വില്യം രാജകുമാരന്‍, കേറ്റ് മിഡില്‍ടണ്‍ എന്നിവര്‍ക്കൊപ്പമാണ് രാജ്ഞി ഉച്ചകോടിക്കെത്തിയത്. വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. തന്റെ ജീവിതകാലത്തു തന്നെ ഇത്രയധികം നേട്ടങ്ങള്‍ സ്വരൂപിക്കാന്‍ കോമണ്‍വെല്‍ത്തിനു സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് രാജ്ഞി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍