സിറിയന്‍ അഭയാര്‍ഥി പ്രശ്നത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ ആശങ്ക പ്രകടിപ്പിച്ചു
Saturday, November 28, 2015 9:10 AM IST
ഹൂസ്റണ്‍: അടുത്തിയിടെ പല രാജ്യങ്ങളില്‍ നടന്ന ഭീകരാക്രമണത്തിനിരയായവരോടും രാജ്യങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും മരണത്തില്‍ അനുശോചിക്കുന്നതോടൊപ്പം എല്ലാ ഭീകരാക്രമണത്തെ അപലപിക്കുകയും ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസ് അറിയിച്ചു.

സിറിയയില്‍നിന്നും ക്രിസ്തുമത വിശ്വാസികളായതുകൊണ്ടുമാത്രം വീടും നാടും ബന്ധുമിത്രാദികളെയും ഉപേക്ഷിച്ചു ഭീകരരുടെ പിടിയില്‍നിന്നും ജീവനുംകൊണ്ട് രക്ഷപെട്ടുവരുന്ന സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കാനും സംരക്ഷിക്കാനും ലോക രാജ്യങ്ങള്‍ക്ക് കടമയും കടപ്പാടും ഉണ്ട്. അല്ലാതെ അഭയാര്‍ഥികള്‍ അപകടത്തില്‍പ്പെടുമ്പോഴോ, അവരുടെ കുഞ്ഞുങ്ങള്‍ അപകടത്തില്‍പ്പെട്ട് മരിക്കുമ്പോള്‍ മാത്രമുള്ള സഹാനുഭൂതിക്ക് അപ്പുറം അഭയാര്‍ഥികളുടെ സുരക്ഷിതത്വവും അടിസ്ഥാന ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യസംരക്ഷണം എന്നിവ ഉറപ്പുവരുത്തുവാന്‍ ലോകരാജ്യങ്ങള്‍ക്കും ലോക മനസാക്ഷിക്കും കഴിയണം.

പാരിസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയന്‍ അഭയാര്‍ഥികളുടെ മുമ്പില്‍ അമേരിക്കയിലെ പല സംസ്ഥാനങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും വാതില്‍ കൊട്ടിയടയ്ക്കുന്ന തീരുമാനം പുനപരിശോധിക്കണമെന്നും മാര്‍ യൌസേബിയോസ് ആവശ്യപ്പെട്ടു.

സിറിയന്‍ അഭയാര്‍ഥികളുടെ ജീവിക്കാനുള്ള അവകാശത്തില്‍ ലോകമനസാക്ഷി ഉണര്‍ത്താന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് ഭദ്രാസനത്തിലെ എല്ലാ ഇടവക പള്ളിയിലും ഞായറാഴ്ച പ്രത്യേക പ്രാര്‍ഥന നടത്തുവാന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഇടവക വികാരിമാര്‍ക്ക് അയച്ച കല്പന പുറപ്പെടുവിച്ചുവെന്ന് ഭദ്രാസന പിആര്‍ഒ എല്‍ദോ പീറ്റര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി