ദുബായിയിലെ 'വീസ ഓണ്‍ അറൈവല്‍' സൌകര്യം പുനസ്ഥാപിച്ചു
Saturday, November 28, 2015 6:57 AM IST
ദുബായി: ഇമിഗ്രേഷന്‍ നിറുത്തിവെച്ച 'വീസ ഓണ്‍ അറൈവല്‍' സംവിധാനം അധികൃതര്‍ പുനസ്ഥാപിച്ചു. ജിസിസി രാജ്യങ്ങളില്‍ നിന്നും യുഎഇ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് ദുബായി ഉള്‍പ്പെടെയുള്ള യു.എഇയിലെ എമിറേറ്റുകളില്‍ ലഭ്യമായിരുന്ന സൌകര്യം ഇലക്ട്രോണിക് വീസ അപേക്ഷ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നു നിര്‍ത്തല്‍ ചെയ്തിരുന്നു.

മാനേജര്‍, ഡോക്ടര്‍, എന്‍ജിനിയര്‍ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട തൊഴില്‍ റെസിഡന്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്കാണു ഈ ആനുകൂല്യം. എന്നാല്‍ ഓണ്‍ലൈനില്‍ വീസ അപേക്ഷിക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്‍പ്പെടെയുള്ള തടസങ്ങള്‍ ഉള്ളതായി പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് പഴയ സംവിധാനം പുനസ്ഥാപിച്ചത്. യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ പുറപ്പെടുന്നതിനു മുമ്പ് അന്നു നിലവിലുള്ള നിയമം പരിശോധിച്ച് ഉറപ്പു വരുത്തണമെന്നു മസ്കറ്റിലെ വിവധ എയര്‍ലൈനുകളുടെ മാനേജര്‍മാര്‍ തങ്ങളുടെ ഏജന്റ്മാരെ സര്‍ക്കുലര്‍ വഴി അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം