പാരീസ് ഭീകരാക്രമണം; ആയുധം നല്‍കിയ ജര്‍മന്‍കാരനെ അറസ്റ് ചെയ്തു
Friday, November 27, 2015 9:54 AM IST
ബര്‍ലിന്‍: ഇസ്ലാമിക് സ്റേറ്റ് തീവ്രവാദികള്‍ക്ക് പാരീസ് കൂട്ടക്കൊലയ്ക്കായി ആയുധം നല്‍കിയെന്നു സംശയിക്കപ്പെടുന്ന ജര്‍മന്‍കാരനായ ആയുധവ്യാപാരിയെ ജര്‍മന്‍ പോലീസ് അറസ്റ് ചെയ്തു. ജര്‍മനിയിലെ തെക്കന്‍ സംസ്ഥാനമായ ബാഡന്‍ വ്യുര്‍ട്ടംബര്‍ഗ് ആസ്ഥാനമാക്കിയാണ് അനധികൃത ആയുധവ്യാപാരം നടത്തിയതെന്നു സ്റുട്ട്ഗാര്‍ട്ടിലെ പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു.

ചൈനീസ് നിര്‍മിത എകെ 47 തോക്കും രണ്ട് സസ്താവ എം 70 റൈഫിളുമാണ് ഇയാള്‍ നല്‍കിയതെന്നാണു കണ്ടെത്തല്‍. നവംബര്‍ 16 ന് സാഷാ എന്നു പേരുള്ള 34 കാരനെ മാഗ്സ്റാട്ടില്‍ നിന്നും അറസ്റു ചെയ്തിരുന്നു. ഇയാളാണ് ആയുധം നല്‍കിയതെന്ന് പോലീസ് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ക്ക് ജര്‍മനി മാത്രമല്ല യൂറോപ്പിലുടനീളം ആയുധ വ്യാപാര നെറ്റ്വര്‍ക്കുള്ളതായിട്ടാണ് ഏറ്റവും ഒടുവിലത്തെ കണ്ടെത്തല്‍.

ഭീകര വേട്ട; ജര്‍മനിയില്‍ രണ്ടു പേര്‍ അറസ്റില്‍

ഭീകരര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതിനിടയില്‍ ജര്‍മന്‍ പോലീസ് ബര്‍ലിനില്‍ രണ്ടു പേരെ അറസ്റ് ചെയ്തു. ഇസ്ലാമിസ്റുകളായ ഇവര്‍ അക്രമം ഉണ്ടാക്കാന്‍ പദ്ധതിയിടുന്നു എന്നു വിവരം കിട്ടിയതിനെത്തുടര്‍ന്നാണു നടപടി.

നഗരത്തിന്റെ തെക്കന്‍ ജില്ലയായ ബ്രിറ്റ്സില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ കിട്ടിയത്. ഇവരില്‍ ഒരാളുടെ കാറില്‍നിന്നു സംശയാസ്പദമായ വസ്തുവും കണ്ടെടുത്തു. ഇതിനു മുന്നൂറു മീറ്റര്‍ ചുറ്റളവില്‍ താമസിച്ചിരുന്നവരെ ഒഴിപ്പിച്ച ശേഷമായിരുന്നു പോലീസ് നടപടികള്‍.

സോഫി ചാള്‍ട്ടന്‍ സ്ട്രാസെയിലെ ഒരു ഇസ്ലാമിക് സെന്ററിലും പോലീസ് പരിശോധന നടത്തി. എന്നാല്‍, ഇവിടെനിന്ന് ആയുധങ്ങളോ മറ്റ് അപകടകരമായ വസ്തുക്കളോ ഒന്നും കിട്ടിയിട്ടില്ല.

എന്നാല്‍ ഇവര്‍ വെസ്റ് ഫാളിയ സംസ്ഥാനത്തിലെ ഡോര്‍ട്ട്മുണ്ടില്‍ അക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് സംശയിക്കുന്നു. അറസ്റ് ചെയ്തവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചെങ്കിലും ജര്‍മനിയിലെ തന്ത്രപ്രധാന നഗരങ്ങളിലും സ്ഥലങ്ങളിലും കനത്ത സുരക്ഷാ സന്നാഹവും അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ക്രിസ്മസ് മാര്‍ക്കറ്റുകളില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍