ജര്‍മന്‍ നയം അഭയാര്‍ഥികളെ ആകര്‍ഷിക്കുന്ന കാന്തം: യൂറോപ്യന്‍ കമ്മിഷണര്‍
Thursday, November 26, 2015 9:33 AM IST
ബര്‍ലിന്‍: ജര്‍മനിയുടെ അഭയാര്‍ഥി നയം അഭയാര്‍ഥികളെ കൂട്ടത്തോടെ ആകര്‍ഷിക്കുന്ന കാന്തമാണെന്നു യൂറോപ്യന്‍ കമ്മിഷണര്‍ ഗുന്തര്‍ ഓറ്റിംഗര്‍. യൂറോപ്പിലേക്ക് ഇത്രയധികം അഭയാര്‍ഥികള്‍ ആകൃഷ്ടരാകാന്‍ കാരണം ജര്‍മനിയുടെ ഈ നയമാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ നയത്തില്‍ മാറ്റം അനിവാര്യമാണ്. അഭയാര്‍ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാതെ അവരുടെ എണ്ണം കുറയാന്‍ പോകുന്നില്ല. അതു ചെയ്യാത്ത കാലത്തോളം തുര്‍ക്കി പോലുള്ള രാജ്യങ്ങള്‍ക്ക് ദശലക്ഷക്കണക്കിനു യൂറോ വാഗ്ദാനം ചെയ്ത് അഭയാര്‍ഥികളെ അവിടെത്തന്നെ പിടിച്ചു നിര്‍ത്തുന്നതു പോലുള്ള നടപടികള്‍ തുടരേണ്ടി വരും.

അഭയാര്‍ഥികളെ സാമ്പത്തികമായി സഹായിക്കുന്നതില്‍ യൂറോപ്യന്‍ യൂണിയനും വളരെ പരിമിതമായേ ഇടപെടാന്‍ കഴിയൂ. ജര്‍മനിയെ പോലെ കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങള്‍ തന്നെ കൂടുതല്‍ പണം മുടക്കേണ്ടതായി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

അതേസമയം, അഭയാര്‍ഥി പ്രശ്നം നിയന്ത്രണാധീനമായിക്കഴിഞ്ഞു എന്നാണു ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഇന്നലെ പാര്‍ലമെന്റില്‍ പറഞ്ഞത്. ജര്‍മനിയിലേക്കു വരുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍