ദുബായി: ദുബായി കെഎംസിസി ഒരിക്കല്‍ കൂടി ചരിത്രം കുറിച്ചു. 44-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായി പോലീസുമായി ചേര്‍ന്ന് നടത്തിയ വര്‍ണ ശബളമായ പരേഡില്‍ സ്വദേശികള്‍ക്കൊപ്പം ശുഭ വസ്ത്ര ധാരികളായ നൂറുകണക്കിന് കെഎംസിസി പ്രവര്‍ത്തകര്‍ കൂടി അണി ചേര്‍ന്നപ്പോള്‍ ഒരു രാജ്യത്തിന്റെ മഹത്തായ ദൌത്യത്തിന്റെ ഔന്ന്യത്യത്തിലേക്ക് മലയാളത്തിന്റെ കൂട്ടായ്മയും അഭിമാനമായി തീര്‍ന്നു.
നൈഫ് പോലീസ് ആസ്ഥാനത്ത് നടന്ന പരേഡില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും ദുബായി പോലീസുമായി ചേര്‍ന്നു നടത്തിയ പരേഡ് കൂടുതല്‍ ആകര്ഷണീയതയോടൊപ്പം അധികാരികളുടെ ആദരവും ഏറ്റുവാങ്ങി.
മലയാളികള്‍ യുഎഇയുടെ വളര്‍ച്ചക്കും സുരക്ഷിതത്വത്തിനും ആത്മാര്‍ഥമായ സംഭാവനകള്‍ അര്‍പ്പിച്ച മാതൃകാ സമൂഹമാണെന്ന് ദുബായി പോലീസ് മേധാവി ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി റാലിയെ അഭിസംബോധന ചെയ്തു പറഞ്ഞു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാര് അധിവസിക്കുന്ന യുഎഇയില്‍ മലയാളികളുടെ സ്ഥാനവും പ്രവര്‍ത്തങ്ങളും മുന്‍ നിരയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബര്‍ദുബായി പോലീസ് സ്റേഷന് മേധാവി കേണല്‍ അബ്ദുല്‍ ഖാദിം സുറൂര്‍ അല്മല്സാം മുഖ്യാതിഥിയായിരുന്നു.
തനത് അറബ് കലകളും കെഎംസിസിയുടെ കലാ വിഭാഗമായ സര്‍ഗധാര അവതരിപ്പിച്ച അറബ് ഡാന്‍സും ദഫ്മുട്ടും കോല്‍കളിയും ബാന്‍ഡ് വാദ്യങ്ങളും മലയാള തനിമയുള്ള കലാ രൂപങ്ങളും പരേഡിനു മേള കൊഴുപ്പേകി. വിവിധ ദേശക്കാരായ ആയിരങ്ങള്‍ തിരേക്കേറിയ ദുബായി നഗരത്തില്‍ റോഡിനിരുവശവും തടിച്ചുകൂടി. രാവിലെ എട്ടോടെ ദുബായി സബക്കയിലെ പഴയ കെഎംസിസി ആസ്ഥാന പരിസരത്ത് എത്തിച്ചേര്‍ന്ന പ്രവര്‍ത്തകര്‍ ഒമ്പതോടെ നൈഫ് പോലീസ് സ്റേഷന് പരിസരത്തുനിന്നാരംഭിച്ച പരേഡില്‍ അണിനിരന്നു. യുഎഇ ജനതക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള പ്രത്യേഗ ബാനറിനു പിന്നില്‍ യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി. ഇസ്മായില്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ അണിനിരന്നു.
സേവന മികവിനുള്ള പ്രത്യേക അംഗീകാര പത്രവും അംഗീകാരത്തിന്റെ മുദ്രണം ചാര്‍ത്തിയ മെഡലും ദുബായി പോലീസ് മേധാവി ഖലീല്‍ ഇബ്രാഹിം മന്സൂരിയില്നിന്നു ദുബായി കെഎംസിസിക്കുവേണ്ടി അബ്ദുല്‍ റസാഖ് എംഎല്‍എ ഏറ്റുവാങ്ങി. നൈഫ് പോലീസ് സ്റേഷന് മേധാവി അബ്ദുറഹ്മാന് ഉബൈദുള്ള, ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി. ഇസ്മായില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കെഎംസിസി നേതാക്കളായ മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, ആവയില്‍ ഉമ്മര്‍, ഉസ്മാന് പി. തലശേരി, അഡ്വ. സാജിദ് അബൂബക്കര്‍, ഇസ്മയില്‍ ഏറാമല, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, അഷ്റഫ് കൊടുങ്ങല്ലൂര്‍, ഹനീഫ് കല്‍മട്ട, ഹസൈനാര്‍ തോട്ടുംഭാഗം, എം.എച്ച്. മുഹമ്മദ് കുഞ്ഞി തുടങ്ങിയ വിവിധ ജില്ലാ മണ്ഡലം നേതാക്കന്മാര് പരേഡില്‍ പങ്കെടുത്ത് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍