ഇന്ത്യന്‍ വംശജന്‍ അന്റോണിയൊ കോസ്റ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി
Thursday, November 26, 2015 9:24 AM IST
ലിസ്ബണ്‍: ഇന്ത്യന്‍ വംശജനായ അന്റോണിയൊ കോസ്റയെ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായി പ്രസിഡന്റ് അനിബല്‍ കവാകോ നിയമിച്ചു.

വലതുപക്ഷ പാര്‍ട്ടിക്കാരനായ പെദ്രോ പാസോസ് കോയ്ലോയുടെ 11 ദിവസം മാത്രം പ്രായമുള്ള സര്‍ക്കാര്‍ താഴെ വീണതിനെത്തുടര്‍ന്നാണു പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്.

പോര്‍ച്ചുഗലിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭരണകാലയളവിലാണ് ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ കോസ്റയെ സോഷ്യലിസ്റ് പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. കോസ്റ നേതൃത്വം നല്‍കിയ സോഷ്യലിസ്റ് പാര്‍ട്ടിക്കു ഭൂരിപക്ഷം ലഭിച്ചിരുന്നില്ലെങ്കിലും ഇടതുപക്ഷ പാര്‍ട്ടികളുമായി കൂട്ടുചേര്‍ന്നാണ് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയത്. 230 അംഗ അസംബ്ളിയില്‍ 86 സീറ്റുമായി രണ്ടാമതായിരുന്നു സോഷ്യലിസ്റ് പാര്‍ട്ടി.

നേരത്തേ ലിസ്ബന്‍ മേയറായിരുന്നു അന്റാാേണിയോ കോസ്റ, പോര്‍ചുഗീസ് ഭരണകാലത്ത് ഗോവയില്‍ ജീവിച്ച പ്രശസ്ത സാഹിത്യകാരന്‍ ഒര്‍ലാന്‍ഡോ ഡി കോസ്റയുടെ മകനാണ്. ലിസ്ബണിലാണ് അന്റോണിയോ കോസ്റ ജനിച്ചത്. ഇവരുടെ ബന്ധുക്കള്‍ ഇപ്പോഴും ഗോവയിലുണ്ട്. ലളിത ജീവിതശൈലിയുടെ പേരില്‍ ലിസ്ബണ്‍ ഗാന്ധി എന്നാണു കോസ്റ പോര്‍ച്ചുഗലില്‍ അറിയപ്പെടുന്നത്. കടവും കമ്മിയും ഇല്ലാതാക്കാനുള്ള സ്ഥിതിസമത്വ പരിപാടികള്‍ക്കു രാജ്യം സാക്ഷ്യം വഹിക്കുമെന്നു കോസ്റ മാധ്യമങ്ങളോട് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍