കരിപ്പൂര്‍ വിമാനത്താവളം: കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉയരണമെന്നു ദമാം മീഡിയ ഫോറം
Thursday, November 26, 2015 7:27 AM IST
ദമാം: മാസങ്ങളായി അടച്ചിട്ട കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ പ്രവാസികളുടെ ഭാഗത്തുനിന്നു കൂടുതല്‍ പ്രതിഷേധങ്ങളും സമരങ്ങളും ഉയര്‍ന്നു വരണമെന്നു ദമാം മീഡിയ ഫോറം പ്രസിഡന്റ് പി.ടി. അലവി പറഞ്ഞു. പ്രവാസി സാംസ്കാരിക വേദി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കരുത്' കാമ്പയിനിന്റെ ഭാഗമായി പൊതുജനങ്ങളില്‍നിന്ന് ശേഖരിച്ച ഒപ്പുകളടങ്ങിയ, വ്യോമയാന മന്ത്രി, എയര്‍പോര്‍ട്ട് ഡയറക്ടര്‍, പാര്‍ലമെന്റംഗം എന്നിവര്‍ക്കു സമര്‍പ്പിക്കാനുള്ള നിവേദനം പി.ടി അലവി, പ്രവാസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ പൊന്നാനിക്കു കൈമാറി. കൂടുതല്‍ ചെറിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതി നല്കുക, അറ്റകുറ്റപ്പണി സമയബന്ധിതമായി നടപ്പാക്കുക, കരിപ്പൂരിന്റെ അന്താരാഷ്ട്ര പദവി നിലനിര്‍ത്തുക എന്നീ ആവശ്യങ്ങളാണു നിവേദനത്തില്‍ പ്രധാനമായും ഉന്നയിക്കുന്നത്. നിവേദനം നാട്ടില്‍ ബന്ധപെട്ടവര്‍ക്ക് സമര്‍പ്പിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. അബൂബക്കര്‍ പൊന്നാനി അധ്യക്ഷത വഹിച്ചു. ജോര്ജ് നെറ്റോ, ജമാല്‍ വില്ല്യാപ്പള്ളി, ഷബീര്‍ ചാത്തമംഗലം എന്നിവര്‍ സംസാരിച്ചു. ബിജു പൂതക്കുളം സ്വാഗതവും അഷ്റഫ് കുറ്റ്യാടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം