ഭീകരാക്രമണം: ഫ്രാന്‍സും സ്വീഡനും നിയന്ത്രണം കര്‍ക്കശമാക്കി
Thursday, November 26, 2015 7:26 AM IST
പാരീസ്: പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഭയാര്‍ഥി നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കാനുള്ള നടപടികള്‍ ഫ്രാന്‍സും സ്വീഡനും സ്വീകരിക്കുന്നു. യൂറോപ്യന്‍ തലത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സമ്മര്‍ദവും ശക്തമാക്കും.

ഫ്രാന്‍സിനെയും പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദിനെയും ലക്ഷ്യമിട്ട് ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ പുതിയ ഭീഷണി പുറപ്പെടുവിച്ചതോടെയാണു ഫ്രാന്‍സ് അഭയാര്‍ഥികള്‍ക്കെതിരായ നിലപാട് കടുപ്പിച്ചത്. യൂറോപ്പില്‍ കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ഇനി സാധ്യമല്ലെന്നാണു ഫ്രഞ്ച് പ്രധാനമന്ത്രി മാന്വല്‍ വാല്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. നിയന്ത്രണമല്ല, നിരോധനം തന്നെയാണ് ഉദ്ദേശിക്കുന്നത് എന്നു വ്യക്തം.

ഇപ്പോഴത്തെ തോതില്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് സ്വീഡിഷ് പ്രധാനമന്ത്രി സ്റീഫന്‍ ലോഫ്വാനും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു. കുറഞ്ഞ പരിധിയിലുള്ള അഭയാര്‍ഥികള്‍ക്കു മാത്രമേ സ്വീഡന്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബജീവിതത്തിനുള്ള അവകാശം, കുട്ടികളുടെ പ്രായം, തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന തുടങ്ങിയവയെല്ലാം കൂടുതല്‍ കര്‍ക്കശമാക്കാനും സ്വീഡന്‍ തീരുമാനിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍