'ഐ ഷെയര്‍'ചാരിറ്റി പ്രവര്‍ത്തനവുമായി സ്വിറ്റ്സര്‍ലന്‍ഡിലെ ബി ഫ്രണ്ട്സ്
Thursday, November 26, 2015 7:25 AM IST
സൂറിച്ച്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനമാണു സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളികള്‍ എക്കാലവും കാഴ്ചവയ്ക്കുന്നത്. രാജ്യത്തെ പ്രമൂഖ പ്രവാസി സംഘടനയായ ബി ഫ്രണ്ട്സ് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ചാരിറ്റി പദ്ധതിയും അതിന്റെ പ്രത്യേകതകള്‍കൊണ്ടു വേറിട്ടതായി.

കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പദ്ധതി വളരെ അനിതരസാധാരണമായ പ്രവര്‍ത്തന മികവുമായി ഐ ഷെയര്‍ മുന്നോട്ടു പോകുന്നത്. ഡിസംബര്‍ 19ന് പദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. സ്വിസ്സില്‍ നടക്കുന്നതുപോലെ കേരളത്തിലും ഈ പദ്ധതി നടന്നു വരുന്നു. ഒരു ദിവസം ഒരു രൂപ എന്ന തോതില്‍ കേരളത്തിലെ 28 സ്കൂളുകളില്‍ ആല്‍ഫ ഫൌണ്േടഷന്റെ മേല്‍നോട്ടത്തിലാണു പദ്ധതി പുരോഗമിക്കുന്നത്.

കുരുന്നുകളിലൂടെ കുരുന്നകളിലേക്കും തുടര്‍ന്ന് സമൂഹത്തിന്റെ നാനാതുറകളിലേക്കും വ്യാപിക്കുന്ന അതി ബൃഹത്തായ പദ്ധതിയാണു ബി ഫ്രെണ്ട്സ് സംഘടന വിഭാവനം ചെയ്തിരിക്കുന്നത്. കുട്ടികളിലെ ജീവകാരുണ്യ വാസന വളര്‍ത്തുവാനും, വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഇവിടുത്തെ രണ്ടാം തലമുറയെ നാടുമായി ബന്ധിപ്പിക്കാനും, അതേസമയം, സഹായം ആവശ്യമുള്ള ആളുകളെ സാധിക്കുന്ന രീതിയിലൊക്കെ സഹായിക്കുവാനും ഉദ്ദേശിച്ച് ആരംഭിച്ച പരിപാടി ഏകദേശം ഒന്നാം വാര്‍ഷികത്തില്‍ എത്തി നില്ക്കുകയാണ്.

സംഘടനയ്ക്ക് ഇത് അഭിമാന നിമിഷമാണെന്ന് അഭിപ്രായപ്പെട്ട പ്രോജെക്റ്റിന്റെ ചീഫ് കോ-ഓര്‍ഡിനേറ്ററായ ടോമി തൊണ്ടാംകുഴി ഉള്ളതിന്റെ ചെറിയോരോഹരി മറ്റുള്ളവര്‍ക്കായി പങ്കു വയ്ക്കാന്‍ തയാറായ, നന്മയുടെ ഉറവവറ്റാത്ത സ്വിസിലെ മലയാളി മനസുകളുടെ പൂര്‍ണമായ സഹകരണം ഒന്നുമാത്രമാണ് പ്രോജെക്റ്റിന്റെ വിജയമെന്നും കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്നവരില്‍ നിന്നും കുട്ടികളില്‍ നിന്നും ആഴ്ചയില്‍ സമാഹരിക്കുന്ന ഒരു ഫ്രാങ്ക് ആണ് ഈ പ്രോജക്ടിന്റെ മുതല്‍ക്കൂട്ട്. പ്രോജക്ടില്‍ അംഗങ്ങളായവരില്‍നിന്നു സ്വീകരിക്കുന്ന അപേക്ഷകള്‍ പരിഗണിച്ചതില്‍ തെരെഞ്ഞെടുക്കപ്പെട്ട 16 പേര്‍ക്ക് ആദ്യ ഘട്ടമെന്ന നിലയില്‍ സഹായം നല്‍കുകയാണ്. കുട്ടികള്‍, സ്ഥാപനങ്ങള്‍, സ്കൂളുകള്‍ ഇവയൊക്കെ ഈ കൂട്ടത്തിലുണ്ട്. നവംബര്‍ 26ന് കുറവിലങ്ങാട് ഗേള്‍സ് സ്കൂളില്‍വച്ച് നടക്കുന്ന ചടങ്ങില്‍ ധനസഹായം വിതരണം ചെയ്യും.

ബി ഫ്രണ്ട്സ് പ്രസിഡന്റ് ടോമി തൊണ്ടാംകുഴിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന ചടങ്ങില്‍ കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ് ഫണ്ട് വിതരണം ചെയ്യും. ചടങ്ങില്‍ സാമൂഹിക -സാംസ്കാരിക രംഗത്തെ പ്രശസ്ത വ്യക്തികള്‍ ആശംസ അര്‍പ്പിക്കും. നാട്ടിലെ ബന്ധുമിത്രാദികളില്‍ നിന്നും താല്‍പര്യമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുക്കണമെന്ന് പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ബേബി തടത്തില്‍, ജെസ്വിന്‍ പുതുമന, പ്രിന്‍സ് കാട്ട്രുകുടിയില്‍, ബിന്നി വെങ്ങപ്പില്ലി, ജോസ് പെല്ലിശേരി, സെബാസ്റ്യന്‍ അറക്കല്‍, വര്‍ഗീസ് പൊന്നാനകുന്നേല്‍, ലാല്‍ മണിയന്‍കേരികലം തുടങ്ങിയവര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍