ലുഫ്താന്‍സ ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു
Thursday, November 26, 2015 7:24 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ ലുഫ്താന്‍സ എയര്‍ലൈന്‍സിലെ ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലാണു സമരം നടത്താന്‍ യുഎഫ്ഒ യൂണിയന്‍ ആഹ്വാനം ചെയ്തത്. ചര്‍ച്ചകളിലൂടെ താല്‍ക്കാലിക പരിഹാരം കാണാന്‍ കഴിഞ്ഞെന്നും, യൂണിയനുമായി സൌഹാര്‍ദ്ദമായെന്നും ലുഫ്താന്‍സയുടെ ഹ്യൂമന്‍ റിസോഴ്സസ് വിഭാഗം മേധാവി ബെറ്റിന വോല്‍ക്കന്‍സ് അറിയിച്ചു.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും സമരം ചെയ്യുമെന്നു യുഎഫ്ഒ നേതാവ് നിക്കോളി ബൌബ്ളീസ് തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നതിന്റെ പിന്നാലെയാണു സമരം പിന്‍വലിച്ചത്.

പിക്കറ്റിങ്ങായിരുന്നു ഇക്കുറി സ്വീകരിച്ചിരിക്കുന്ന സമര മാര്‍ഗം. ഏതൊക്കെ വിമാനത്താവളങ്ങള്‍ പിക്കറ്റ് ചെയ്യുമെന്നു യൂണിയന്‍ വ്യക്തമാക്കിയിരുന്നില്ല. ഈ മാസം ആദ്യം ലുഫ്താന്‍സയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരം ഒരാഴ്ച ദീര്‍ഘിച്ചിരുന്നു. ഇതും യുഎഫ്ഒ തന്നെയാണു നടത്തിയത്.

ശമ്പള ഘടന, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ചാണു യൂണിയനും മാനേമജ്മെന്റും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നത്. 2013 ഡിസംബര്‍ മുതല്‍ ഇതിന്റെ പേരില്‍ സമരങ്ങള്‍ തുടര്‍ക്കഥയാണ്. ഇതുവരെയായി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 13 തവണ സമരം നടത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍