യൂറോവിഷന്‍ സംഗീതം: ഇന്ത്യന്‍ വംശജനായ ജര്‍മന്‍ പ്രതിനിധിയെ മല്‍സരത്തില്‍ നിന്നു പിന്‍വലിച്ചു
Tuesday, November 24, 2015 10:12 AM IST
ബര്‍ലിന്‍: വിഖ്യാതമായ യൂറോവിഷന്‍ ഗാന മത്സരത്തില്‍ നിന്ന് ജര്‍മന്‍ പ്രതിനിധിയെ പിന്‍വലിച്ചു. ഇന്ത്യന്‍ വംശജനായ സേവ്യര്‍ നായിഡുവിനെയാണ് മത്സരത്തില്‍ ജര്‍മനിയെ പ്രതിനിധീകരിക്കാന്‍ ജര്‍മന്‍ പബ്ളിക് ബ്രോഡ്കാസ്റര്‍ ആയ എആര്‍ഡി തെരഞ്ഞെടുത്തിരുന്നത്.

നായിഡുവിന്റെ പഴയൊരു ആല്‍ബത്തില്‍ സ്വവര്‍ഗപ്രേമികള്‍ക്കെതിരായ ചില പരാമര്‍ശങ്ങളുണ്ടെന്നും അദ്ദേഹം സ്വവര്‍ഗവിരുദ്ധനാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.

നായിഡുവിന്റെ തെരഞ്ഞെടുപ്പിനെതിരേ അഭിപ്രായ പ്രകടനങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തരത്തിലുള്ള എതിര്‍പ്പ് അപ്രതീക്ഷിതമായിരുന്നു എന്ന് എആര്‍ഡി. അദ്ദേഹം ഹോമോഫോബിക് ആണെന്നു കരുതുന്നില്ല. എന്നാല്‍, യൂറോവിഷന്‍ പോലൊരു വേദിയില്‍ ജര്‍മനിയുടെ പ്രതിച്ഛായ മോശമാക്കാന്‍ ഇത്തരം വിമര്‍ശനങ്ങള്‍ കാരണമാകും എന്നതിനാല്‍ അദ്ദേഹത്തെ പിന്‍വലിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

അദ്ദേഹത്തിനു പകരം പ്രതിനിധിയെ തെരഞ്ഞെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ എത്രയും വേഗം തീരുമാനമാകുമെന്നും എആര്‍ഡി അറിയിച്ചു.

അടുത്ത വര്‍ഷം മേയ് 14നു സ്റോക്ക്ഹോമില്‍ 61 ാമത് യൂറോവിഷന്‍ ഗാന മത്സരത്തില്‍ ജര്‍മനിയെ പ്രതിനിധീകരിക്കാനാണ് ഇന്ത്യന്‍ വംശജനായ സേവ്യര്‍ നായിഡു തെരഞ്ഞെടുക്കപ്പെട്ടത്. സര്‍ക്കാര്‍ ബ്രോഡ്കാസ്ററായ എആര്‍ഡിയാണ് സേവ്യറിനെ ഇതിനായി നാമനിര്‍ദേശം ചെയ്തതും.

അതേസമയം, ഇങ്ങനെയൊരു മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സേവ്യറിന് യോഗ്യതയില്ലെന്നും വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. സ്വവര്‍ഗപ്രേമികള്‍ക്കെതിരായ ഒരു പാട്ട് അദ്ദേഹത്തിന്റേതായുള്ളതാണ് പ്രശ്നം. ഹോമോഫോബിയ ഉള്ള ആളാണ് സേവ്യര്‍ എന്നും മുമ്പ് ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, നായിഡു അസാമാന്യ പ്രതിഭയുടെ കലാകാരനാണെന്നും ഇരുപതു വര്‍ഷമായി സംഗീതരംഗത്ത് അദ്ദേഹം പ്രകടിപ്പിക്കുന്ന മികവാണ് യൂറോവിഷനിലേക്കയയ്ക്കാന്‍ കാരണമെന്നും എആര്‍ഡി നല്‍കിയ വിശദീകരണം ഇപ്പോള്‍ പാഴായി.

രാജ്യങ്ങളെ ഒരുമിപ്പിക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നത് ആവേശകരമായിരിക്കുമെന്നും എന്നത്തെക്കാള്‍ നന്നായി അവിടെ പാടുമെന്നും സേവ്യറുടെ പ്രതികരണം.

2012 ല്‍ നായിഡുവും കൂല്‍ സവാസും ചേര്‍ന്ന് പുറത്തിറക്കിയ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയ ഒരു പാട്ടാണ് വിവാദമായത്. സ്വവര്‍ഗപ്രേമത്തെ ഇതില്‍ ബാല ലൈംഗികതയോടും ബാല പീഡനത്തോടും സാത്താനിക് ആചാരങ്ങളോടും ഉപമിച്ചിരുന്നു. ഇതിനെതിരേ അന്വേഷണം വേണമെന്ന് ജര്‍മന്‍ ഗേ ആന്‍ഡ് ലെസ്ബിയന്‍ ഫെഡറേഷന്‍ അന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതാണിപ്പോള്‍ നായിഡുവിന്റെ കരിയറില്‍ പാരയായതും കരിനിഴല്‍ വീഴ്ത്തിയതും.

ജര്‍മനിയിലെ മാന്‍ഹൈം നഗരത്തിലാണ് നായിഡു ജനിച്ചത്. പിതാവ് ഇന്ത്യാക്കാരനും മാതാവ് ജര്‍മന്‍കാരിയുമാണ്. ചെറുപ്പത്തില്‍ തന്നെ സംഗീതത്തോട് അഭിരുചി കാണിച്ച നായിഡു ജര്‍മന്‍ സംഗീതത്തിലൂടെ ഗായകനായി രംഗപ്രവേശം ചെയ്തു. തുടര്‍ന്ന് ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്നീ മേഖലകളിലും സാന്നിധ്യമറിയിച്ചു.

ജര്‍മനിയിലെ സോളോ സംഗീത മേഖലയില്‍ (പോപ്പ്,റാപ്പ്) ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന നായിഡുവിന്റെ നിരവധി സിഡികള്‍ ലക്ഷക്കണക്കിന് സംഗീതപ്രേമികള്‍ ആസ്വദിക്കുന്നു ഇപ്പോഴും.1995 ല്‍ മാന്‍ഹൈം സണ്‍ (പുത്രന്‍) എന്ന പേരില്‍ ഒരു സംഗീത ട്രൂപ്പിന് രൂപം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍