ചര്‍ച്ചകള്‍ സജീവമാക്കിയ ഇന്ത്യാ പ്രസ് ക്ളബ് സമ്മേളനം
Tuesday, November 24, 2015 9:29 AM IST
ഷിക്കാഗോ: അവതരിപ്പിച്ച വിഷയങ്ങളുടെ പുതുമയും ആഴത്തിലുള്ള ചര്‍ച്ചകളും സമ്പന്നമാക്കിയ സെമിനാറുകളും കേരളത്തില്‍ നിന്നുള്ള പ്രഗല്ഭ രാഷ്ട്രീയ, മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്ത ഉദ്ഘാടന സമ്മേളനവും പുത്തന്‍ ദിശാബോധം പകര്‍ന്നു നല്‍കി ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് ദേശീയ കണ്‍വന്‍ഷന്റെ പ്രഥമ ദിനം ചരിത്രം കുറിച്ചു.

കണ്‍വന്‍ഷനില്‍ രാഷ് ട്രീയ രംഗത്തുനിന്ന് തോമസ് ഉണ്ണിയാടന്‍ എംഎല്‍എ, രാജു ഏബ്രഹാം എംഎല്‍എ, കോണ്‍ഗ്രസ് വനിതാ നേതാവ് ഷാഹിദ കമാല്‍, ഗവണ്‍മെന്റ് പ്രതിനിധികളായി പ്രവാസികാര്യ, സാംസ്കാരിക, പബ്ളിക് റിലേഷന്‍ സെക്രട്ടറിയായ റാണി ജോര്‍ജ് ഐഎഎസ്, നോര്‍ക്ക റൂട്ട്സ് സിഇഒ ആര്‍.എസ്. കണ്ണന്‍, മാധ്യമ രംഗത്തുനിന്നും സെര്‍ജി ആന്റണി (കേരള മീഡിയ അക്കാഡമി ചെയമാന്‍ ആന്‍ഡ് ദീപിക ഡെപ്യൂട്ടി എഡിറ്റര്‍), ജോണ്‍ ബ്രിട്ടാസ് (കൈരളി ടിവി), പി.ജി. സുരേഷ്കുമാര്‍ (ഏഷ്യാനെറ്റ്), സന്തോഷ് ജോര്‍ജ് ജേക്കബ് (മനോരമ), മതസാംസ്കാരിക രംഗത്തുനിന്നും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവരുമാണു പങ്കെടുത്തത്.

ഉദ്ഘാടനം നിര്‍വഹിച്ച തോമസ് ഉണ്ണിയാടന്‍ പ്രവാസിസമൂഹം കേരളത്തിനു ചെയ്യുന്ന സേവനങ്ങള്‍ അനുസ്മരിച്ചു. പ്രവാസികളുടെ ഒരു ലക്ഷം കോടി രൂപയാണു കേരളത്തിന്റെ നട്ടെല്ല്. അതില്‍ തന്നെ പകുതി സംഖ്യ യൂറോപ്പിലും അമേരിക്കയിലുമുള്ളവര്‍ അയയ്ക്കുന്നതാണ്. എത്ര കടല്‍ കടന്നാലും മലയാളി സ്വന്തം നാടിനെ മറക്കുന്നില്ല. ജാതിമത രാഷ്ട്രീയ ഭേദമില്ലാത്ത സദസ് എന്നതും അഭിനന്ദനമര്‍ഹിക്കുന്നു. വിവാദമാകുന്ന കാര്യങ്ങളേ വാര്‍ത്തയാകൂ എന്ന ധാരണ മാധ്യമ ലോകം തിരുത്തേണ്ടതുണ്െടന്നും അദ്ദേഹം പറഞ്ഞു.

പ്രസ് ക്ളബില്‍ പുതിയ തലമുറയ്ക്ക് എന്ത് അവസരമാണുനല്‍കുന്നതെന്നു രാജു ഏബ്രഹാം എംഎല്‍എ ചോദിച്ചു. മാധ്യമങ്ങളില്‍ മുന്നില്‍ വരാനുള്ള സാഹചര്യം അവര്‍ക്കുണ്ടാകണം.

വാക്കുകള്‍ വാചകങ്ങളും ആശയങ്ങളുമൊക്കെയാക്കുകയും ജനഹൃദയത്തെ സ്വാധീനിക്കുകയും ചെയ്യുന്നതു റാണി ജോര്‍ജ് ഐഎഎസ് ചൂണ്ടിക്കാട്ടി. പ്രവാസികാര്യം, സാംസ്കാരികം, മാധ്യമരംഗം എന്നീ വിഷയങ്ങളുടെയെല്ലാം സെക്രട്ടറി എന്ന നിലയില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനും ആളുകളുമായി ആശയവിനിമയത്തിനും അവസരം ലഭിച്ചത് സന്തോഷം പകരുന്നു. അമേരിക്കന്‍ മലയാളികളുമായി ഇത്തരമൊരു ആശയസംവാദം ആദ്യമാണ്. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളിലെ വിശ്വാസ്യത കാക്കാന്‍ ബാധ്യതയുണ്െടന്ന് അവര്‍ പറഞ്ഞു.

മറ്റു ജോലികള്‍ക്കിടയിലും മാധ്യമപ്രവര്‍ത്തനം നടത്തുന്ന അമേരിക്കയിലെ പത്രക്കാരെ അഭിനന്ദിക്കാതെ പറ്റില്ലെന്നു ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. പത്രപ്രവര്‍ത്തകനെങ്കിലും കൈരളി ടിവിയുടെ മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയില്‍ മുതലാളിമാര്‍ക്കൊപ്പം ഇരിക്കുന്ന വ്യക്തിയാണ് താന്‍. അതു പലപ്പോഴും ശ്വാസംമുട്ടലാണ്. ഇവിടെ വരുമ്പോഴാണ് ഒരാശ്വാസം. കാരണം ഇവിടെയുള്ള പത്രക്കാരെല്ലാം മാധ്യമ മുതലാളിമാര്‍കൂടിയാണ്.

മാധ്യമപ്രവര്‍ത്തനം എന്നാല്‍ സദ് വാര്‍ത്ത എഴുത്താണെന്നു തെറ്റിദ്ധാരണയുണ്ട്. അതിനു മതഗ്രന്ഥങ്ങള്‍ വായിച്ചാല്‍ മതി. മാധ്യമ പ്രവര്‍ത്തനത്തില്‍ എല്ലാവരും സമന്മാരാണ്. വലിയ ആളുകളും ചെറിയ ആളുകളുമില്ല. വാര്‍ത്തയുടെ ഉറവിടമേയുള്ളൂ. ദീപികയില്‍ എന്‍ആര്‍ഐ ന്യൂസ് കൈകാര്യം ചെയ്തപ്പോള്‍ മനസിലായത് അതു ശുഷ്കമാണെന്നാണ് -സെര്‍ജി ആന്റണി ചൂണ്ടിക്കാട്ടി. സിട്രസ് രംഗത്ത് മാറ്റമുണ്ടാക്കിയ ഡോ. മാണി സ്കറിയയെപോലുള്ളവര്‍ ധാരാളമുണ്ട്. പക്ഷേ അവരെപ്പറ്റിയൊന്നും വിദേശത്തെ മാധ്യമങ്ങള്‍ എഴുതില്ല. ജനം അവരെപ്പറ്റി അറിയാതെ പോകുകയും ചെയ്യുന്നു. പ്രസ് ക്ളബിലുള്ളവരൊക്കെ 40 കഴിഞ്ഞവരാണ്. ഈ രീതിയില്‍ പോയാല്‍ പത്തിരുപത് വര്‍ഷം കഴിയുമ്പോള്‍ പ്രസ് ക്ളബ് ഇല്ലാതാകും-സെര്‍ജി ആന്റണി മുന്നറിയിപ്പു നല്‍കി.

താന്‍ അമേരിക്കയിലെത്തിയ ആദ്യ ദിനം തന്നെ ഇത്തരം നല്ല ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനായത് ഭാഗ്യമായി കാണുന്നുവെന്നു ഷഹിദ കമാല്‍ പറഞ്ഞു. അതിനു പ്രസ് ക്ളബിനോടും പ്രസിഡന്റ് ടാജ് മാത്യുവിനോടും നന്ദിയുണ്ട്.

ക്ഷണം സ്വീകരിച്ചിട്ട് അവസാന നിമിഷം വരാതിരിക്കില്ല എന്നുറപ്പുള്ള രണ്ട് മാധ്യമ സുഹൃത്തുക്കള്‍ എന്ന നിലയിലാണ് തോമസ് ഉണ്ണിയാടനെയും രാജു ഏബ്രഹാമിനേയും ക്ഷണിച്ചതെന്നു പ്രസിഡന്റ് ടാജ് മാത്യു പറഞ്ഞു. പത്രപ്രവര്‍ത്തകനും പ്രസ് ക്ളബ് സാരഥിയുമായിരുന്നു രാജു ഏബ്രഹാം.

പ്രസ് ക്ളബിനു നിര്‍ലോഭമായ പിന്തുണയാണ് ജനങ്ങളില്‍നിന്നുണ്ടായത്. എല്ലാ കാര്യത്തിനും പണം വേണം അതു നല്‍കാന്‍ ആളുകള്‍ ഒരു മടിയും കാട്ടിയില്ലെന്നതു മാധ്യമങ്ങള്‍ക്കു ലഭിക്കുന്ന വലിയ അംഗീകാരമാണ്.

പ്രവര്‍ത്തനങ്ങളില്‍ തന്നോടോപ്പം പ്രവര്‍ത്തിച്ച ടീമംഗങ്ങള്‍ക്കും ജനറല്‍ സെക്രട്ടറി വിന്‍സെന്റ് ഇമ്മാനുവലിനും കണ്‍വന്‍ഷന്‍ ചെയര്‍ ജോസ് കണിയാലിക്കും അദ്ദേഹം നന്ദി പറഞ്ഞു.

ചെറിയൊരു സംഘടനയില്‍നിന്നു ഫോമയെ 65 സംഘടനകളുടെ കൂട്ടായ്മയാക്കിയതു മാധ്യമങ്ങളാണെന്നു ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ പറഞ്ഞു. ഫ്ളോറിഡയില്‍നിന്നു മത്സരിക്കുന്ന മേരി തോമസ് (റിപ്പബ്ളിക്കന്‍), സ്റേറ്റ് അസംബ്ളിയിലേക്ക് മത്സരിക്കുന്ന സാജന്‍ കുര്യന്‍ (ഡെമോക്രാറ്റിക്) എന്നിവര്‍ക്കായി ഫോമ നേതാക്കള്‍ ആഴ്ചയിലൊരിക്കല്‍ വീടുവീടാന്തരം പ്രചാരണത്തിനിറങ്ങും. ഭാഗ്യമുണ്െടങ്കില്‍ അടുത്ത തവണ രാജു ഏബ്രഹാം അമേരിക്കയിലെത്തുമ്പോള്‍ നമുക്കും ജനപ്രതിനിധികളുണ്ടാകും.

പി.ജി. സുരേഷ് കുമാര്‍, സന്തോഷ് ജോര്‍ജ്, പ്രസ് ക്ളബ് അഡ്വൈസറി ബോര്‍ഡ് ചെയര്‍ മാത്യു വര്‍ഗീസ്, മുന്‍ ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള, ലാന പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കണ്‍വന്‍ഷന്‍ ചെയര്‍ ജോസ് കണിയാലി ആമുഖ പ്രസംഗം നടത്തി. സംഘടനാ ഭാരവാഹികളെ പരിചയപ്പെടുത്തി. സെക്രട്ടറി വിന്‍സെന്റ് ഇമ്മാനുവേല്‍ നന്ദി പറഞ്ഞു.

തുടര്‍ന്നു നടന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറി. വനിതകളുടെ ശിങ്കാരിമേളം, ബാലികമാര്‍ അവതരിപ്പിച്ച പഞ്ചാബി നൃത്തം, ബാഹുബലിയിലെ നൃത്തം, പുരുഷന്മാരുടെ നൃത്താവിഷ്കരണം എന്നിവയൊക്കെ ഹൃദ്യമായി.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം