ഇരട്ട കലാതിലക നേട്ടവുമായി ബാസില്‍ഡന്‍ മലയാളി അസോസിയേഷന്‍; സ്വപ്ന കിരീടം സ്വന്തമാക്കി സ്നേഹ സജി
Tuesday, November 24, 2015 9:14 AM IST
ലണ്ടന്‍: യുക്മ ദേശീയ കലാമേളയില്‍ ഇരട്ട കലാതിലകം നേടിയതിന്റെ സന്തോഷത്തിലാണ് പോയിന്റ് നിലയില്‍ രണ്ടാമതെത്തിയ ബാസില്‍ഡന്‍ മലയാളി അസോസിയേഷന്‍. സംഘടനയില്‍ നിന്നുള്ള സ്നേഹ സജിയും റിയ സജിലാലും 15 പോയിന്റുകള്‍ വീതം നേടി കലാതിലകപട്ടവും ആദ്യമായി ഏര്‍പ്പെടുത്തിയ നാട്യ മയൂര പുരസ്കാരവും പങ്കുവച്ചു.

മുന്‍ വര്‍ഷങ്ങളില്‍ സാങ്കേതിക കാരണങ്ങളാല്‍ കൈവിട്ട കലാതിലകപ്പട്ടം സ്വന്തമാക്കിയ സന്തോഷത്തിലാണ് ജൂണിയര്‍ വിഭാഗത്തിലെ ചാമ്പ്യന്‍ കൂടിയായ സ്നേഹ സജി. സ്റോക് ഓണ്‍ ട്രെന്‍ഡ് കലാമേളയില്‍ അഞ്ചു സമ്മാനങ്ങള്‍, ലിവര്‍ പൂള്‍ കലാമേളയില്‍ വീണ്ടും അത് ആവര്‍ത്തിക്കപ്പെട്ടു. ലെസ്റര്‍ കലാമേളയില്‍ ഏറ്റവും അധികം പോയിന്റ് നേടിയെങ്കിലും നൃത്തേതര മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതുകൊണ്ട് കലാതിലക പട്ടം നേടാന്‍ സ്നേഹയ്ക്ക് കഴിഞ്ഞില്ല.

യുകെയില്‍ നിരവധി നൃത്ത സമ്മാനങ്ങള്‍ വാരി കൂട്ടിക്കൊണ്ട് മുന്നേറുന്ന സ്നേഹക്ക് കുടുംബം നല്‍കുന്ന പ്രോത്സാഹനം താങ്ങും തണലുമാണ്. യുക്മ കലാമേളകള്‍ക്കുവേണ്ടി പരിശീലനത്തിനായി സ്കൂളില്‍ നിന്നുപോലും അവധി എടുത്തു കൊണ്ടാണ് സ്നേഹ എത്തിയത് എന്നത് ഈ കലാകാരിയുടെ നൃത്തത്തിലുള്ള ആവേശം സൂചിപ്പിക്കുന്നു.

നവംബര്‍ 27 നു നടക്കുന്ന നൃത്ത പരിപാടിക്കായി നടന വൈഭവം വിനീതിനോപ്പം പരിശീലനത്തിലാണ് സ്നേഹയും റിയയും.

നവരസ ഡാന്‍സ് അക്കാഡമിയില്‍ ഷിജു മേനോന്റെ ശിഷ്യ ആണ് സ്നേഹ വെസ്റ് ക്ളിഫ് ഗ്രാമര്‍ സ്കൂളില്‍ പത്താം തരത്തില്‍ പഠിക്കുന്ന ഈ കൊച്ചു മിടുക്കി കാഞ്ഞിരപ്പള്ളി കാളകെട്ടി പ്ളാത്തോട്ടത്തില്‍ സജി തോമസിന്റെയും ബിന്ദുവിന്റെയും മകളാണ്. സഹോദരന്‍ സുബിന്‍.

സ്വപ്നനേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് റിയ സജിലാല്‍. കലാ തിലക പട്ടവും നാട്യ മയൂരവും സ്നേഹ സജിക്കൊപ്പം സബ് ജൂണിയര്‍ വിഭാഗം ചാമ്പ്യന്‍ കൂടിയായ റിയ പങ്കിട്ടെടുത്തു. ചെറുപ്പം മുതലേ നൃത്തത്തിലുള്ള താത്പര്യം റിയയ്ക്കുണ്ടായിരുന്നുവെന്ന് പിതാവ് സജിലാല്‍ ഓര്‍ക്കുന്നു. നാലാം വയസു മുതലേ തുടങ്ങിയ ചുവടുകള്‍ ഉറപ്പിച്ചത് ഷിജു മേനോന്‍ എന്ന ഗുരുവിനൊപ്പമാണ്. മുമ്പ് ലെസ്റര്‍ കലാമേളയിലും യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തിലും സമ്മാനം നേടിയ റിയക്ക് യുക്മ നാഷണല്‍ കലാമേളയിലെ ഈ നേട്ടം സ്വപ്ന തുല്യമായ ഒന്നാണ്.

കിംഗ്സ് വുഡ് ജൂണിയര്‍ സ്കൂളില്‍ അഞ്ചാം ക്ളാസില്‍ പഠിക്കുന്ന റിയ, തൃശൂര്‍ തൃപ്രയാര്‍ സ്വദേശിയും ഇപ്പോള്‍ ബാസില്‍ഡണില്‍ താമസക്കാരനുമായ സജിലാലിന്റെയും ജയശ്രീയുടെയും മകളാണ്.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍