പത്താം തരം തുല്യതാ പരീക്ഷ: ദുബായിയില്‍ 99 ശതമാനം വിജയം
Tuesday, November 24, 2015 9:04 AM IST
ദുബായി: കേരള സംസ്ഥാന സര്‍ക്കാരിന്റെ പത്താം തരം തുല്യതാ പരീക്ഷയില്‍ ദുബായി കെഎംസിസി നേതൃത്വം നല്‍കുന്ന സെന്ററിന് 99 ശതമാനം വിജയം. കെഎംസിസി സെന്ററില്‍ പരീക്ഷ എഴുതിയ പഠിതാക്കളില്‍ ഒരാള്‍ ഒഴികെ എല്ലാവരും പാസായി. കേരള പൊതു വിദ്യഭ്യാസ വകുപ്പിന്റെയും കേരള സാക്ഷരതാ മിഷന്റയും ആഭിമുഖ്യത്തില്‍ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ നടത്തിയ തുല്യതാ പരീക്ഷയില്‍ 62 പേര്‍ വിജയികളായി. കെഎംസിസി സംഘടിപ്പിച്ച തുല്യതാ പഠന പരിശീലനത്തിന് എത്തിയ 77 പേരില്‍ എട്ടുപേര്‍ക്ക് പരീക്ഷ എഴുതാനായില്ല.

വിജയികള്‍ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം

സ്വന്തം കുടുംബം പോറ്റാന്‍ അറബ് നാട്ടില്‍ എത്തിയവര്‍ സാക്ഷരതാ മിഷന്റെ ലക്ഷ്യം സഫലമാക്കാന്‍ സജീവമാവുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്െടന്നും റാങ്ക് നേടിയവരേയും തിളക്കമേറിയ വിജയം സമ്മാനിച്ച മുഴുവന്‍ പഠിതാക്കളെയും അഭിനന്ദിക്കുന്നതില്‍ വൈകാരികമായ ആനന്ദവുമുണ്ട്. ഏതു നാട്ടിലായാലും അറിവു നേടാനുള്ള പഠിതാക്കളുടെ ഈ സന്നദ്ധതയെ അഭിനന്ദിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് സന്ദേശത്തില്‍ അറിയിച്ചു.

99 ശതമാനം വിജയമെന്നു വിശേഷിപ്പിക്കാവുന്ന ഈ നേട്ടത്തിന് നേതൃത്വം നല്‍കിയ ദുബായി കെഎംസിസിയെ മുക്തകണ്ഠം പ്രശംസിക്കുന്നതായും മന്ത്രി സന്ദേശത്തില്‍ അറിയിച്ചു.

വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരായ ഹൈദര്‍ അലി തിരുന്നാവായ, ഫൈസല്‍ എലങ്കുളത്ത്, സീതി പടിയത്ത്, ഹൈദര്‍ ഹുദവി, മുനീറുദ്ദീന്‍ ഹുദവി, അനൂപ് യാസീന്‍, ഷംസുദ്ദീന്‍ തൈയില്‍, നസീര്‍ ചിറയിന്‍കീഴ്, ഖൈറുദ്ദീന്‍ ഹുദവി, വി.കെ. റഷീദ്, യാഖൂബ് ഹുദവി എന്നിവരെയും കെഎംസിസി മൈ ഫ്യൂച്ചര്‍ ചെയര്‍മാന്‍ സാജിദ് അബൂബക്കര്‍, സാക്ഷരതാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഷഹീര്‍ കൊല്ലം, എന്‍.ഐ. മോഡല്‍ സ്കൂള്‍ ഡയറക്ടര്‍ കെ.ആര്‍. സുരേന്ദ്രന്‍ നായര്‍ എന്നിവരെയും മുഴുവന്‍ ജേതാക്കളായ പഠിതാക്കളെയും ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ട്രഷറര്‍ എ.സി. ഇസ്മായില്‍ എന്നിവര്‍ അഭിനന്ദിച്ചു.

ഒന്നാം റാങ്ക് സുബൈര്‍ കെ.ബി (എറണാകുളം), രണ്ടാം റാങ്ക് ഉമ്മര്‍ഫാറൂഖ്(തൃശൂര്‍), മൂന്നാം റാങ്ക് നൌഫല്‍ (പാലക്കാട്) എന്നിവര്‍ കരസ്ഥമാക്കി.

2015-16 മൂന്നാം ബാച്ചിന്റെ ക്ളാസുകള്‍ ദുബായി കെഎംസിസി ആസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നു. അടുത്തുതന്നെ തുല്യതാ പ്ളസ്ടുവിന്റെ രജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍