ഓടുന്ന കാറില്‍നിന്നു നായ്ക്കുട്ടിയെ പുറത്തേക്കു വലിച്ചെറിഞ്ഞ മുപ്പത്തഞ്ചുകാരിക്കു തടവും പിഴയും
Tuesday, November 24, 2015 9:03 AM IST
സ്റാറ്റന്‍ ഐലന്‍ഡ്: ഓടുന്ന കാറില്‍നിന്നു നായ്കുട്ടിയെ പുറത്തേക്കു വലിച്ചെറിഞ്ഞ മുപ്പത്തഞ്ചുകാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. അമേരിക്കയിലെ സ്റാറ്റന്‍ ഐലന്‍ഡിലാണു സംഭവം.

കേസില്‍ കോടതി ഉടമസ്ഥക്ക് ഇരുപതിനായിരം ഡോളര്‍ പിഴയും ഒരു വര്‍ഷം കഠിന തടവും വിധിച്ചു. മാത്രവുമല്ല 15 വര്‍ഷത്തേക്കു ഒരു മൃഗങ്ങളേയും സ്വന്തമായി വളര്‍ത്തുന്നതിനുള്ള നിരോധനവും ഏര്‍പ്പെടുത്തി. സ്റേറ്റ് സുപ്രീം കോടതി ജഡ്ജി വില്യം ഗാര്‍നറ്റിന്റേതാണ് ഈ സുപ്രധാന വിധി.

2014 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. അന്‍സു ഇവന്‍ ചെങ്കോ എന്ന മുപ്പത്തഞ്ചുകാരി നായ്ക്കുട്ടിയെ പുറത്തേയ്ക്കു വലിച്ചെറിയുന്നതുകണ്ട് ഓടിയെത്തിയ ഒരു വഴിയാത്രക്കാരനാണ് ഒരു പൌണ്ടു മാത്രം തൂക്കമുള്ള നായ്ക്കുട്ടിയെ വെറ്ററിനറി ആശുപത്രിയിലെത്തിച്ചത്. ചികിത്സയെത്തുടര്‍ന്നു സുഖം പ്രാപിച്ച നായ്ക്കുട്ടി മറ്റൊരു ഉടമസ്ഥന്റെ വീട്ടില്‍ കഴിയുമ്പോള്‍, അന്‍സു ജയിലിലടയ്ക്കപ്പെട്ടു.

മൃഗങ്ങള്‍ക്കെതിരേ കാണിക്കുന്ന ക്രൂരതയ്ക്കുള്ള ചാര്‍ജാണ് അന്‍സുവിന്റെ പേരില്‍ ഉന്നയിക്കപ്പെട്ടിരുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍