യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ സെമിനാറില്‍ നൈന-പിയാനോ പങ്കാളിത്തം
Tuesday, November 24, 2015 8:59 AM IST
സില്‍വര്‍സ്പ്രിംഗ് (മെരിലാന്റ്): എഫ്ഡിഎ സെമിനാറില്‍ പിയാനോയുടെ (പെന്‍സില്‍വാനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് ഓര്‍ഗനൈസേഷന്‍) പങ്കാളിത്തം. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ഭാഗമായ വനിതാ ആരോഗ്യ വിഭാഗവും (ഛണഒ) അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ (അചഅ) എന്ന ഔദ്യോഗിക ദേശീയ പ്രഫഷണല്‍ നഴ്സ്

സംഘടനയും സംയുക്തമായി ഒരുക്കിയ സെമിനാറിലാണ് നൈനയെ (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്ക) പ്രതിനിധീകരിച്ച് പിയാനോയ്ക്ക് പങ്കാളിത്തം ലഭിച്ചത്. നൈന ജനറല്‍ സെക്രട്ടറി മേരി ഏബ്രാഹം, പിയാനോ പ്രസിഡന്റ് ലൈലാ മാത്യു, പിയാനോ വൈസ് പ്രസിഡന്റ് സാറാ ഐപ്പ് എന്നിവര്‍ ഇന്ത്യന്‍ സമൂഹത്തില്‍നിന്നുള്ള ക്ഷണിതാക്കളായിരുന്നു. നൈന പ്രസിഡന്റ് സാറ ഗബ്രിയേല്‍ വനിതാ ആരോഗ്യ വിഭാഗവുമായി നടത്തിയ കത്തിടപാടുകളാണ് ഈ സഹരണത്തിനു വഴിയൊരുക്കിയത്.

'വനിതകളുടെ ആരോഗ്യ സംരക്ഷണവും മെച്ചപ്പെടുത്തലും' എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. വനിത ആരോഗ്യകാര്യ അസിസ്റന്റ് കമ്മീഷണര്‍ ഡോ. മാര്‍ഷാ ഹെന്‍ഡേഴ്സണ്‍ എഫ്ഡിഎയില്‍ വനിതാ ആരോഗ്യ കാര്യ പരിണാമം എന്ന വിഷയത്തെ ആസ്പദമാക്കി ക്ളാസ് നയിച്ചു. മെഡിക്കല്‍ ഇനിഷ്യേറ്റിവ്സ് ആന്‍ഡ് സയന്റിഫിക് എന്‍ഗേജ്മെന്റിന്റെ ഡയറക്ടര്‍

ഡോ. മാര്‍ജറി ജെങ്കിന്‍സ് എഫ്ഡിഎ: രോഗീ കേന്ദ്രീകൃത ശുശ്രൂഷയുടെയും നഴ്സിംഗ് പരിശീലനത്തിന്റെയും പങ്കാളി എന്ന വിഷയത്തിലാണു ചര്‍ച്ചകള്‍ നയിച്ചത്. നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ക്ളിനിക്കല്‍ റിസര്‍ച്ച് വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ടെരി കൊര്‍ണെലിസണ്‍ ചികിത്സാനിര്‍ണയ ശാലയിലെ രോഗ നിര്‍ണയ പരീക്ഷണങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന വനിതാ സാന്നിധ്യം എന്ന വിഷയത്തില്‍ പഠനം അവതരിപ്പിച്ചു. എഫ്ഡിഎ പബ്ളിക് ഹെല്‍ത്ത് അഡ്വൈസര്‍ കിംബെര്‍ലി തോമസ് അവബോധന പ്രചാരണത്തെക്കുറിച്ച് അവലോകനം നടത്തി.

എഫ്ഡിഎയുടെ വനിതാ ആരോഗ്യ വിഭാഗത്തിന്റെ 2016ലെ മുഖ്യ വിഷയം 'രോഗ നിര്‍ണയശാലയിലെ രോഗ നിര്‍ണയ പരീക്ഷണങ്ങളില്‍ വനിതകള്‍' എന്നായിരിക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍