ബംഗളൂരുവില്‍ കനത്ത മഴ
Tuesday, November 24, 2015 8:16 AM IST
ബംഗളൂരു: നഗരത്തില്‍ കഴിഞ്ഞ പത്തു ദിവസമായി തുടരുന്ന കനത്ത മഴ ജനജീവിതം ദുരിതത്തിലാക്കി. മഴ കനത്തതോടെ റോഡുകളും തെരുവോരങ്ങളും കുളമായി.

റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞതോടെ ഇരുചക്ര വാഹനയാത്രക്കാരും അപകടഭീഷണിയിലാണ്. കഴിഞ്ഞയാഴ്ച വാഹനാപകടങ്ങള്‍ 12 ശതമാനം വര്‍ധിച്ചതായാണ് ട്രാഫിക് പോലീസിന്റെ റിപ്പോര്‍ട്ട്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് മഴയെത്തിയതും തിരിച്ചടിയായി. റോഡുകള്‍ മോശമായതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. നഗരത്തില്‍ പലയിടങ്ങളിലും മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്ന സാഹചര്യങ്ങളും ഉണ്ടായി. മഴ കനത്തതോടെ മാലിന്യപ്രശ്നവും രൂക്ഷമായി. ഇതുവരെ 230 മില്ലിമീറ്ററിലേറെ മഴ ലഭിച്ചെന്നാണ് കണക്ക്. വരുംദിവസങ്ങളിലും മഴ നീളുമെന്ന സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്നു.