റിസാല സ്റഡി സര്‍ക്കിള്‍ സാഹിത്യോത്സവത്തിന്റെ ഒമാന്‍ ദേശീയതല മത്സരങ്ങള്‍ ഡിസംബര്‍ നാലിന്
Tuesday, November 24, 2015 7:38 AM IST
മസ്കറ്റ് : പ്രവാസി വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കപ്പെടുന്ന റിസാല സ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) സാഹിത്യോത്സവത്തിന്റെ ഒമാന്‍ ദേശീയതല മത്സരങ്ങള്‍ ഡിസംബര്‍ നാലിനു നടക്കും സഹമിലെ സഹം ഹാളില്‍ നടക്കുന്ന പരിപാടികളില്‍ ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകുന്നേരം നാലിനു മത്സരങ്ങള്‍ ആരംഭിക്കും. എസ്എസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍.എം. സ്വാദിഖ് സഖാഫി പെരിന്താറ്റീരി പ്രഭാഷണം നടത്തും.

ഒമാനിലെ വിവിധ യൂണിറ്റുതല മത്സര വിജയികളെ ഉള്‍പ്പെടുത്തി സോണ്‍തല മത്സരങ്ങള്‍ നടന്നു വരികയാണ്. സോണുകളില്‍നിന്ന് ഒന്നാം സ്ഥാനം നേടിയവരാണു ദേശീയ സാഹിത്യോത്സവില്‍ മാറ്റുരക്കുക. മുപ്പതിനങ്ങളില്‍ 250 ഓളം കലാപ്രതിഭകള്‍ പങ്കെടുക്കും.

ശുക്കൂര്‍ ഇര്‍ഫാനി ചെമ്പരിക്ക നേതൃത്വം നല്‍കുന്ന ഖവാലി ആസ്വാദനവും സാഹിത്യോത്സ വിനോടനുബന്ധിച്ച് നടക്കും. ആര്‍എസ്സി ഗള്‍ഫ് കൌണ്‍സില്‍ നേതാക്കള്‍, ഐസിഎഫ് നാഷനല്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരായ വിധികര്‍ത്താക്കളാണു വിധി നിര്‍ണയം നടത്തുന്നത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം