ഫാ. ജോസഫ് കല്ലടാന് ബാഷ്പാഞ്ജലി
Tuesday, November 24, 2015 7:36 AM IST
ഹൂസ്റണ്‍: നവംബര്‍ 18-നു നിര്യാതനായ ഫാ. ജോസഫ് കല്ലടാന് (ഫാ. കെ.കെ-76) കണ്ണീരോടെ വിട. കോട്ടയം ജില്ലയിലെ നീണ്ടൂരില്‍ കല്ലടാന്തിയില്‍ കുടുംബത്തില്‍ പരേതരായ കുര്യാക്കോയുടെയും ഏലിയുടെയും മകനായി 1939ല്‍ ജനിച്ച ഇദ്ദേഹം സലേഷ്യന്‍ ഡോണ്‍ ബോസ്കോ മിഷണനറി സംഘത്തില്‍ 1969 ഡിസംബര്‍ 26-ാം തീയതിയാണ് വൈദികനായത്. തുടര്‍ന്നു എട്ടു വര്‍ഷത്തോളം കേരളത്തില്‍ സേവനം ചെയ്ത ശേഷം അജപാലനദൌത്യവുമായി ജമൈക്കയിലെത്തി.

പിന്നീടു അമേരിക്കയില്‍ കുടിയേറിയ കെ.കെ. അച്ചന്‍ ഹൂസ്റണില്‍, ഗാല്‍വെസ്റന്‍ ഹൂസ്റണ്‍ അതിരൂപതയില്‍ പ്രവര്‍ത്തിച്ച് വിവിധ പള്ളികളില്‍ വികാരിയായി 35 വര്‍ഷം തന്റെ ദൌത്യം നിറവേറ്റുകയുണ്ടായി. 2014ല്‍ റിട്ടയര്‍ ചെയ്ത ഫാ. കെ.കെ തുടര്‍ന്നും സഭാകാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവായിരുന്നു.

ഹൂസ്റണിലെ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിലെ, പ്രത്യേകിച്ച് കത്തോലിക്കരുടെ ഏകോപനത്തിനായി ശുശ്രൂഷകള്‍ ആരംഭിച്ച കെ.കെ. അച്ചന്‍ ഹൂസ്റണില്‍ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന് രുപം നല്‍കുകയും അതിന് സ്തുത്യര്‍ഹമാം വിധം നേതൃത്വം വഹിക്കുകയും ചെയ്തു. മലയാളി കത്തോലിക്കാ കുടുംബങ്ങള്‍ക്കായി ഇന്ത്യന്‍ കാത്തലിക് ഓഫ് ഹൂസ്റണ്‍ ആരംഭിച്ചു. എക്യൂമെനിക്കല്‍ രംഗത്തും കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷകളിലും നിര്‍ണായക സ്വാധീനം ചെലുത്തി എന്നും ഈ വൈദികന്‍ അജഗണങ്ങളുടെയിടയില്‍ ഉണ്ടായിരുന്നു.

ഒടുവില്‍ തന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശ്വാസസമൂഹത്തെയും വിട്ട് അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. നവംബര്‍ 21ന് ഹൂസ്റണ്‍ ക്നാനായ കാത്തലിക് സെന്ററിലും, 22ന് സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് പള്ളിലയിലും പൊതു ദര്‍ശനവും പ്രത്യേക പ്രാര്‍ത്ഥനകളും നടത്തിയ ശേഷം, 23ന് ഷുഗര്‍ലാന്‍ഡ് ബെല്‍ഫോര്‍ട്ട് അവന്യുവിലെ സെന്റ് തോമസ് അക്വിനാസ് കാത്തലിക് പള്ളിയില്‍ സംസ്കാരശുശ്രൂഷ നടത്തി. തുടര്‍ന്ന് ഫോറസ്റ് പാര്‍ക്ക് ലോണ്‍ഡെയില്‍ സെമിട്രിയില്‍ ഭൌതിക ശരീരം സംസ്കരിച്ചു.

ഗാല്‍വസ്റണ്‍ ഹൂസ്റണ്‍ അതിരൂപത മെത്രാപൊലീത്ത കാര്‍ഡിനല്‍ ഡാനിയേല്‍ ഡിനാര്‍ഡോ സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. രൂപതയുടെ മുന്‍ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ജോസഫ് ഫിറന്‍സ, സഹായ മെത്രാന്‍ ജോര്‍ജ് ഷെല്‍ട്സ്്, സീറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ജേക്കബ് അങ്ങാടിയത്ത്, മലങ്കര ഓര്‍ത്തഡോക്സ് സഭ സൌത്ത് വെസ്റ് ഭദ്രാസനാധിപന്‍ ബിഷപ് അലക്സിയോസ് മാര്‍ യൌസേബിയോസ്, എക്യുമെനിക്കല്‍ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് നിരവധി വൈദികരെ കുടാതെ അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഡോ. ജോര്‍ജ് കാക്കനാട്ട്