ചാവേര്‍ സലാ അബ്ദസലാം ജര്‍മനിയിലേയ്ക്കു കടന്നതായി ജര്‍മന്‍ മാധ്യമങ്ങള്‍
Monday, November 23, 2015 10:21 AM IST
ബര്‍ലിന്‍: പാരിസ് ഭീകരാക്രമണത്തിലെ മുഖ്യപങ്കാളിയെന്ന് കരുതുന്ന സലാ അബ്ദെസലാം ബെല്‍ജിയത്തില്‍ നിന്ന് ജര്‍മനിയിലേയ്ക്കു കടന്നതായി ജര്‍മനിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ജര്‍മന്‍ നിര്‍മിത കാറായ ബിഎംഡബ്ള്യുവില്‍ ബ്രസല്‍സിന്റെ അതിര്‍ത്തി ലീഗെ കടന്ന് ജര്‍മനിയിലെ നഗരമായ ആഹനിലെത്തി ഹൈവേ വഴി കടന്നുവെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അബ്ദസലാം സലാ ബ്രസല്‍സില്‍ വാരാന്ത്യത്തില്‍ ഒളിച്ചു താമസിക്കുന്നു എന്ന സംശയം ബെല്‍ജിയം പോലീസിന്റെ അന്വേഷണത്തെ ബലപ്പെടുത്തിയിരുന്നു. എന്നാല്‍ സുരക്ഷിതനായി ഒളിച്ചു താമസിക്കുകയല്ല സലായുടെ ലക്ഷ്യമെന്നാണ് പോലീസ് കരുതുന്നത്. ഇയാള്‍ ബ്രസല്‍സില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഇതുവരെ സാധിച്ചില്ലെന്നതിന്റെ വെളിച്ചത്തില്‍ ജര്‍മനിയെ കുരുതിക്കളമാക്കുകയാണ് അടുത്ത ലക്ഷ്യമെന്നും മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.

ഇതിനിടെ പാരീസ് ഭീകരവാദിക്കായി ബെല്‍ജിയത്തിലും സമഗ്രമായ അന്വേഷണം തുടരുകയാണ്. ഞായറാഴ്ചത്തെ തെരച്ചിലില്‍ തലസ്ഥാനമായ ബ്രസല്‍സില്‍ നിന്ന് 16 പേരെ അറസ്റ് ചെയ്തു.

പാരീസില്‍ നടത്തിയ ആക്രമണ പരമ്പരയില്‍ പങ്കെടുത്ത ഭീകരരില്‍ ഒരാള്‍ ബെല്‍ജിയത്തില്‍ ഒളിച്ചു കഴിയുന്ന എന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ തുടരുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ജാഗ്രതാ നിര്‍ദേശമാണ് ഇതെത്തുടര്‍ന്ന് പുറപ്പെടുവിച്ചിരിക്കുന്നത്.

ബ്രസല്‍സില്‍ 22 സ്ഥലങ്ങളിലാണ് ഇന്നലെ റെയ്ഡ് നടത്തിയത്.

സായുധരായ തീവ്രവാദികള്‍ ബ്രസല്‍സില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്െടന്ന കൃത്യമായ വിവരം ലഭിച്ചിട്ടുണ്െടന്നും പലയിടത്ത് ഒരേസമയം ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്െടന്നും ബെല്‍ജിയന്‍ പ്രധാനമന്ത്രി ചാള്‍സ് മിഷേല്‍ വ്യക്തമാക്കിയിരുന്നു. പാരിസില്‍ 130 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം നടത്തിയ ഭീകരര്‍ ബ്രസല്‍സ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചവരാണ്.

മൂന്നു ദിവസമായി ഇവിടം പ്രേതനഗരം പോലെ വിജനമായി കിടക്കുന്നു. ബ്രസല്‍സിലെ ഭക്ഷണശാലകളും ബാറുകളും അടഞ്ഞു കിടക്കുകയാണ്. മെട്രോ, തീവണ്ടി സര്‍വീസുകള്‍ ഞായറാഴ്ചവരെ റദ്ദാക്കിയിരുന്നു. കൂട്ടംകൂടുന്നത് ഒഴിവാക്കാനും കൂടുതല്‍പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. നഗരത്തില്‍ സുരക്ഷാസേനയുടെ വന്‍ സാന്നിധ്യമുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍