മെല്‍ബണില്‍ രണ്ടാമത്തെ പള്ളിയുടെ കൂദാശ നിര്‍വഹിച്ചു
Monday, November 23, 2015 8:58 AM IST
മെല്‍ബണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വീതിയന്‍ കാതോലിക്കാബാവ മെല്‍ബണിലെ സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയുടെ ക്ളേറ്റനില്‍ പുതിയതായി പണികഴിപ്പിച്ച സെന്റ് ഗ്രിഗോറിയോസ് ചാപ്പലിന്റെ കൂദാശ നിര്‍വഹിച്ചു.

വെള്ളിയാഴ്ച ക്ളേറ്റനില്‍ എത്തിയ പരിശുദ്ധ ബാവയെ ശിങ്കാരി മേളത്തിന്റെയും മുത്തുകുടകളുടെയും അകമ്പടിയോടെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ്, സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനീയോസ്, വികാരി ഫാദര്‍ ഷിനു കെ. തോമസ്, അസിസ്റന്റ് വികാരി ഫാ. ഫ്രെഡിനാന്‍ഡ ്പത്രോസ് എന്നിവരുടെ നേതൃതത്തില്‍ നൂറുകണക്കിനു വിശ്വാസികളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. തുടര്‍ന്നു പ്രാര്‍ഥനകളോടെ നാട മുറിച്ചു ഒന്നാംഘട്ട ശുശ്രൂഷകള്‍ ആരംഭിച്ചു.

ശനിയാഴ്ച പരിശുദ്ധ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന മൂന്നില്‍മേല്‍ കുര്‍ബാനയോടെ രണ്ടാംഘട്ട ശുശ്രൂഷകള്‍ തുടങ്ങി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനീയോസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ്, ഇന്ത്യയില്‍നിന്നു ബഥനി ആശ്രമ സുപ്പീരിയര്‍ ഫാ. മത്തായി ഒഐസി, ഫാ. എം.കെ. കുര്യന്‍, ഓസ്ട്രലിയായിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള മലങ്കര സഭയുടെ വികാരിമാരും ഇതര സഭാപ്രതിനിധികളും വിശ്വാസികളും പങ്കെടുത്തു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ഫ്രാന്‍സിലെ ഭീകരാക്രമങ്ങളില്‍ മരിച്ചവര്‍ക്ക് ആദരം അര്‍പ്പിച്ചു. ഓസ്ട്രേലിയന്‍, ഇന്ത്യന്‍ ദേശിയ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങില്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. ഷിനു കെ. തോമസ് സ്വാഗതവും വിക്ടോറിയന്‍ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്സ് ആന്‍ഡ് എഷ്യ എന്‍ഗേജ്മെന്റ് സെക്രട്ടറി ഓണറബിള്‍ ഹൊങ്ങ്ലിം എംപി, വിക്ടോറിയന്‍ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് അശോക് ജേക്കബ്, മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്സ് ഷാഡോ മന്ത്രി ഇന്‍ഗ പൌലിച് എംപി, സിറ്റി ഓഫ് കിംഗ്സ്റനെ പ്രതിനിധീകരിച്ച് പോള്‍ പൌലിച്, സ്റീവ് സ്ടികോസ്, റോസ്മേരി എച്ച്എഫ്എ എന്നിവരും സീറോ മലബാര്‍, ഗ്രീക്ക്, അര്‍മേനിയന്‍, അസറിയാന്‍, അന്ത്യോഖ്യന്‍, യുണൈറ്റിംഗ് ചര്‍ച്ച് തുടങ്ങിയ സഭകളുടെ പ്രതിനിധികളും പങ്കെടുത്തു.

പുതിയ പള്ളിയുടെ കൂദാശയോടെ അനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീര്‍ പരിശുദ്ധ ബാവാ നിര്‍വഹിച്ചു. യോഗത്തില്‍ ഫെഡറല്‍, സ്റേറ്റ് രാഷ്ട്രീയ നേതാക്കന്മാര്‍ അവരുടെ മലങ്കര സഭയ്ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. കാതോലിക്കാ ബാവ മംഗള ഗാനത്തിനുശേഷം ഉദ്ഘാടന ശിലാഫലകം അനാഛാദനം ചെയ്യുകയും തുടര്‍ന്നു കൂദാശാകര്‍മങ്ങളുടെ ഓര്‍മ സൂചകമായി വൃക്ഷതൈ നടുകയും ചെയ്തു. ഇടവക അസിസ്റന്റ് വികാരി ഫാ. ഫ്രെഡിനാന്‍ഡ് പത്രോസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ടോം ജേക്കബ്