പുതുമകളുമായി മലയാളി കത്തോലിക്കാ വൈദികസംഗമം
Monday, November 23, 2015 8:58 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയുടെ നേതൃത്വത്തില്‍ നവംബര്‍ 17നു (ചൊവ്വ) നടത്തിയ ന്യൂയോര്‍ക്കിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി കത്തോലിക്ക വൈദികരുടെ സംഗമത്തില്‍ നിരവധി വൈദികര്‍ പങ്കെടുത്തു.

രാവിലെ 10 മുതല്‍ സംഗമത്തിനെത്തിയ വൈദികരെ വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയും അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കലും ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്നു ദേവാലയത്തില്‍ നടന്ന പ്രാര്‍ഥന ശുശ്രൂഷകള്‍ക്കു ഫാ. റോയിസന്‍ മേനോലിക്കല്‍ നേതൃത്വം നല്‍കി. രക്ഷാകരമായ സഹനം എന്ന വിഷയത്തില്‍ ന്യൂയോര്‍ക്ക് അതിരൂപത മോണ്‍. എഡ്വാര്‍ഡ് ബാരി മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്നു '2016 കരുണയുടെ വര്‍ഷം' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് പാലാ രാമപുരം ഫൊറോന വികാരി ഫാ. ജോര്‍ജ് ഞാറക്കുന്നേല്‍ നേതൃത്വം നല്‍കി.

വൈദികരെ പ്രതിനിധീകരിച്ചുകൊണ്ടു ഫാ. ജോണ്‍സന്‍ നെടുങ്ങാടന്‍, സംഗമം നടത്താന്‍ മുന്‍കൈ എടുത്ത ബ്രോങ്ക്സ് ഇടവകയ്ക്കു നന്ദി പറഞ്ഞു. ചടങ്ങില്‍ സംബന്ധിച്ച എല്ലാ വൈദികര്‍ക്കും ഇടവകയുടെ ഉപഹാരം ഫാ. ജോസ് കണ്ടത്തിക്കുടി സമ്മാനിച്ചു.

പരിപാടികള്‍ക്കു സെക്രട്ടറി ഷോളി കുമ്പിളുവേലി, ജോസ് ഞാറക്കുന്നേല്‍, വിനു വാതപ്പള്ളി, ബെന്നി ആലപ്പാട്ട്, ഷായിമോള്‍ കുമ്പിളുവേലില്‍, സെലിന്‍ കൈതാരത്ത്, ബീന ആലപ്പാട്ട്, സ്റീവ് കൈതാരം, മേഘ സ്റീവ്, ജോയിസണ്‍ മണവാളന്‍ എന്നിവര്‍ നേതൃത്വം നല്‍കി.