ഒഐസിസി നേതൃത്വ പഠന ക്യാമ്പ് സംഘടിപ്പിച്ചു
Monday, November 23, 2015 8:51 AM IST
കുവൈത്ത്: ഒഐസിസി ദേശിയകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി നേതൃത്വ പഠനക്യാമ്പ് സംഘടിപ്പിച്ചു.

രജിസ്ടേഷന്‍ മുഖേന തെരഞ്ഞെടുക്കപ്പെട്ട മുന്നൂറോളം പ്രതിനിധികള്‍ക്ക് വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു രണ്ട് സെക്ഷനായി നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം മുന്‍ എംപി അഡ്വ. പി.ടി. തോമസ് നിര്‍വഹിച്ചു. വര്‍ഗീസ് പുതുകുളങ്ങര അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രതാപവര്‍മ തമ്പാന്‍, ദേശീയ ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തുടര്‍ന്നു നടന്ന ക്ളാസില്‍ 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും വര്‍ത്തമാന കാല രാഷ്ട്രീയവും' എന്ന വിഷയത്തില്‍ അഡ്വ. പി.ടി. തോമസ് സംസാരിച്ചു. ഇന്ത്യന്‍ സ്വാതന്ത്യ്രസമര പ്രസ്ഥാനമായി തുടങ്ങിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയുടെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ പ്രധാനപങ്കു വഹിച്ച പാര്‍ട്ടിയാണെന്നും ക്യാമ്പില്‍ സംബന്ധിച്ച പ്രതിനിധികള്‍ക്കു കോണ്‍ഗ്രസിന്റെ ചരിത്രവും പ്രാധാന്യവും വിശദമായി പ്രതിപാദിക്കുകയും ചെയ്തു.

പ്രതാപവര്‍മ്മ തമ്പാന്‍ 'ഇന്ത്യന്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തെ ആസ്പദമാക്കി നയിച്ച ക്ളാസ് വിജ്ഞാനപ്രദവും നര്‍മബോധവും കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചു.

ക്യാമ്പില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അഡ്വ. പി.ടി. തോമസും പ്രതാപവര്‍മ്മ തമ്പാനും ചേര്‍ന്നു വിതരണം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി ബി.എസ്. പിള്ള സ്വാഗതവും ദേശീയ ട്രഷറര്‍ രാജീവ് നടുവിലേമുറി നന്ദിയും പറഞ്ഞു. ചാക്കോ ജോര്‍ജുകുട്ടി, ബേക്കന്‍ ജോസഫ് എന്നിവര്‍ ക്യാമ്പ് ഡയറക്ടര്‍മാരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍