പഴമയിലേക്കു വഴികാട്ടി ഗ്രാമീണചന്ത
Monday, November 23, 2015 8:25 AM IST
ബംഗളൂരു: നാഗരികതയുടെ ഭാഗമായ ബംഗളൂരുവിലെ പുതുതലമുറയെ പഴമയുടെ നന്മയിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ഗ്രാമീണ ചന്തയ്ക്ക് ബംഗളൂരു കാര്‍ഷിക സര്‍വകലാശാലയില്‍ തുടക്കമായി. വിവരസാങ്കേതിക വിദ്യയുടെ മുന്നേറ്റത്തോടെ യുവതലമുറ മറന്നുപോയ കൃഷിയും നാട്ടുത്പന്നങ്ങളും മടക്കിക്കൊണ്ടുവരികയാണ് ഗ്രാമീണ ചന്തയിലൂടെ.

നാടന്‍ ഭക്ഷണങ്ങള്‍, കോട്ടണ്‍ സാരി, ചന്നപട്ടണ പാവകള്‍, തോല്‍ ഉത്പന്നങ്ങള്‍, മണ്‍പാത്രങ്ങള്‍ എന്നിവയ്ക്കൊപ്പം നാടന്‍ മത്സ്യങ്ങള്‍, ആടുകള്‍ എന്നിവയും ചന്തയിലുണ്ട്. കൂടാതെ, മണ്‍പാത്ര നിര്‍മാണം, കൃഷിരീതികള്‍, പപ്പട നിര്‍മാണം എന്നിവയും വിവരിക്കുന്നു. കൊല്ലനും ആലയും, കാളയും കലപ്പയും തുടങ്ങി പഴമയുടെ പാരമ്പര്യം വിളിച്ചോതുന്ന പ്ളോട്ടുകളും മേളയില്‍ പുനരവതരിപ്പിച്ചിട്ടുണ്ട്. ഗ്രാമീണ കലാകാരന്മാര്‍, സ്വയംസഹായ സംഘങ്ങള്‍ എന്നിവരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും മേളയിലുണ്ട്. നാലു ദിവസത്തെ മേള ഇന്ന് അവസാനിക്കും.