'മസ്ക്കറ്റ് ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റിവല്‍ 2015' നവംബര്‍ 26 മുതല്‍, ഫാ. ഡേവിസ് ചിറമ്മേലിനു 28നു പുരസ്കാരം സമ്മാനിക്കും
Saturday, November 21, 2015 11:02 AM IST
മസ്ക്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റിവല്‍ നവംബര്‍ 26 മുതല്‍ 28 വരെ അമറാത്ത് പാര്‍ക്കില്‍ നടക്കും. ഗള്‍ഫിലെ ഏറ്റവും ശ്രദ്ധേയമായ ഒത്തുചേരലായാണ് കേരളോല്‍സവം എന്ന പേരില്‍ നടത്തപ്പെട്ടിരുന്ന ആഘോഷങ്ങള്‍ അറിയപ്പെടുന്നത് . ഒമാനിലുള്ള പ്രതിഭകള്‍ക്ക് പുറമെ നാട്ടില്‍ നിന്നുള്ള കലാകാരന്മാരും മൂന്നു ദിവസത്തെ പരിപാടികള്‍ക്ക് കൊഴുപ്പേകും.

2001 മുതല്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗം സംഘടിപ്പിച്ചുവരുന്ന ഒത്തുചേരല്‍ പരിപാടിയില്‍ 50,000 ത്തിനു മുകളില്‍ ആളുകള്‍ പങ്കെടുത്തിട്ടുണ്ട്. ഭാരത സര്‍ക്കാരിന്റെ സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള 'ഇന്ത്യാ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിലെ കലാകാരന്‍മാരുടെ പരിപാടികള്‍ ഉള്‍പ്പെടെ വിവിധങ്ങളായ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കപ്പെടും. പ്രശസ്ത സിനിമാ സംവിധായകനും നടനുമായ രഞ്ജിത്ത് മുഖ്യാഥിതി ആയിരിക്കുമെന്ന് അനന്തപുരി ഹാളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ പരിപാടികള്‍ വിശദീകരിച്ചു.

ഇക്കൊല്ലത്തെ കൈരളി അനന്തപുരി പുരസ്കാരം,75000 രൂപയും മൊമെന്റൊയും (പ്രമുഖ റസ്ററന്റ് ഗ്രൂപ്പായ അനന്തപുരിയാണ് അവാര്‍ഡ് നല്കുന്നത്) സമാപന ദിവസമായ നവംബര്‍ 28 നു (ശനി) വൈകുന്നേരം ഫാ.ഡേവിസ് ചിറമ്മെലിനു സമ്മാനിക്കും. ഇന്ത്യയില്‍ വൃക്കദാനം ഒരു പ്രാര്‍ഥനയായി മാറിയതിനു പിന്നിലെ ചാലക ശക്തിയാണ് ഫാ.ചിറമ്മേല്‍. നിലവില്‍ കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനാണ്. അപകടത്തില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള ആക്സിഡന്റ് കെയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് (അഇഠട) എന്ന സംഘടനയുടെയും സ്ഥാപകനാണ്. 1988 ഡിസംബര്‍ 30 നു തൃശൂര്‍ അതിരൂപതയിലെ അരനാട്ടുകര പള്ളിയില്‍ പൌരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലി അര്‍പ്പിച്ചു.

പത്ര സമ്മേളനത്തില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം.ജാബിര്‍, കണ്‍വീനര്‍ റെജിലാല്‍ കൊക്കാടന്‍ ,അനന്തപുരി ഷൊരൂക് ഗ്രൂപ്പ് എംഡി ബിബി ജേക്കബ്, മാര്‍സ് ബദര്‍അല്‍സമ ഗ്രൂപ്പ് എംഡി. വി.റ്റി. വിനോദ്, മുഖ്യ പ്രായോജകരായ ഷാഹി സ്പൈസസ് പ്രതിനിധി അഡ്വ. ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം