ഷെങ്കന്‍ മേഖലയുടെ അതിരുകള്‍ മാറ്റിവരയ്ക്കുന്നു
Saturday, November 21, 2015 11:01 AM IST
ബ്രസല്‍സ്: യൂറോപ്പിലാകമാനം വീസയില്ലാത്ത സ്വതന്ത്ര സഞ്ചാരം എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഷെങ്കന്‍ ഉടമ്പടി അപ്രസക്തമാകുന്നു. അനിയന്ത്രിതമായ അഭയാര്‍ഥി പ്രവാഹത്തിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളും അതിര്‍ത്തി നിയന്ത്രണങ്ങള്‍ താത്കാലികമായെങ്കിലും പുനഃസ്ഥാപിച്ചു കഴിഞ്ഞു.

ഇതിനൊപ്പം, ഷെങ്കന്‍ മേഖലയിലെ സ്വതന്ത്ര സഞ്ചാരത്തിന് നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന മുറവിളി വിവിധ രാജ്യങ്ങളില്‍നിന്ന് ശക്തമായി ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് ബ്രിട്ടന്‍ ഈ ആവശ്യം ഉന്നയിക്കുമ്പോള്‍ അവര്‍ ഒറ്റപ്പെട്ട നിലയിലായിരുന്നെങ്കില്‍, ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇതിനോടു യോജിക്കുകയാണ്.

അഭയാര്‍ഥി പ്രവാഹം കണക്കിലെടുത്ത് ഷെങ്കന്‍ മേഖലയുടെ വലുപ്പം കുറയ്ക്കുക എന്ന നിര്‍ദേശം ഇപ്പോള്‍ സജീവ പരിഗണനയിലാണ്. ഇതു നടപ്പാക്കിയാല്‍ ഗ്രീസ്, സ്പെയ്ന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ മേഖലയ്ക്കു പുറത്താകും. ഈ മൂന്നു രാജ്യങ്ങള്‍ വഴിയാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ യൂറോപ്പില്‍ പ്രവേശിക്കുന്നത്.

ഇത്രയും രാജ്യങ്ങളെ മേഖലയില്‍നിന്നു പുറത്താക്കിയാല്‍ അഭയാര്‍ഥി പ്രവാഹവും കുറയുമെന്നാണ് മറ്റു പല രാജ്യങ്ങളുടെയും വാദം. അതിനുശേഷം പുതിയ മിനി ഷെങ്കന്‍ മേഖല പ്രഖ്യാപിക്കാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. വെള്ളിയാഴ്ച ചേരുന്ന അടിയന്തര യൂറോപ്യന്‍ യൂണിയന്‍ യോഗത്തില്‍ മിനി ഷെങ്കന്‍ ചര്‍ച്ചാ വിഷയമാണ്.

ഇതിനിടെ, അഭയാര്‍ഥി പ്രവാഹം തടയുക എന്ന ലക്ഷ്യത്തോടെ സെര്‍ബിയ, മാസിഡോണിയ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചുകഴിഞ്ഞു. പല കാര്യങ്ങളിലും മാറി ചിന്തിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു എന്ന യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്കിന്റെ വാക്കുകള്‍ ഷെങ്കന്‍ അതിര്‍ത്തി മാറ്റത്തിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍