ഫ്രാന്‍സിന്റെ ആവശ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനും യുഎന്നും അംഗീകരിച്ചു
Saturday, November 21, 2015 11:00 AM IST
ബ്രസല്‍സ്: പാരീസ് ആക്രമണ പരമ്പരയുടെ പശ്ചാത്തലത്തില്‍ അടിയന്തരമായി അതിര്‍ത്തി നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അനുവദിക്കണമെന്ന ഫ്രാന്‍സിന്റെ ആവശ്യം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു.

യൂണിയന്റെ അതിര്‍ത്തികളിലെല്ലാം പരിശോധനകള്‍ ശക്തമാക്കാന്‍ അംഗരാജ്യങ്ങളിലെ മന്ത്രിമാര്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. ഷെങ്കന്‍ ഉടമ്പടിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള ആദ്യ പടിയായാണ് ഈ നടപടിയെന്നു വിലയിരുത്തപ്പെടുന്നത്.

ഭീകരാക്രമണ ഭീഷണി തുടരുന്ന കാലത്തോളം എല്ലാ അയല്‍രാജ്യങ്ങളുമായുള്ള അതിര്‍ത്തികളില്‍ നിയന്ത്രണം ഉറപ്പാക്കാനാണ് ഫ്രാന്‍സിന് അനുമതി നല്‍കിയിരിക്കുന്നത്. മൂന്നു മാസത്തേക്കു രാജ്യത്ത് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു.

പാരീസ് ആക്രമണം കണക്കിലെടുത്ത്, ഐഎസിനെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഐക്യരാഷ്ട്ര സഭയും അനുമതി നല്‍കി. ഫ്രാന്‍സ് തന്നെയാണ് ഇതിനുള്ള പ്രമേയവും അവതരിപ്പിച്ചത്. ലെബനനിലും റഷ്യന്‍ വിമാനത്തിനു നേരെയും ഐഎസ് നടത്തിയ ആക്രമണങ്ങളും പ്രമേയത്തില്‍ സൂചിപ്പിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍