ഫിലാഡല്‍ഫിയായില്‍ റീജണല്‍ ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു
Saturday, November 21, 2015 10:59 AM IST
ഫിലാഡല്‍ഫിയ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കുടുംബവര്‍ഷ സമാപനത്തോടനുബന്ധിച്ച് നോര്‍ത്തീസ്റ് റീജണില്‍ സംഘടിപ്പിച്ച രണ്ടുദിവസത്തെ ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു.

നോര്‍ത്തീസ്റ് റീജണില്‍പെട്ട ഫിലാഡല്‍ഫിയ, സോമര്‍സെറ്റ്, ന്യൂയോര്‍ക്ക് എന്നീ ഫൊറോനകളുടെ കീഴില്‍ വരുന്ന ഹെര്‍ഷി, സൌത്ത് ജേഴ്സി, ഡെലവെയര്‍, ബാള്‍ട്ടിമോര്‍, വെര്‍ജിനിയ, വാഷിംഗ്ടണ്‍, പാറ്റേഴ്സണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍നിന്നായി 60 ല്‍ പരം തെരഞ്ഞെടുക്കപ്പെട്ട ദമ്പതിമാര്‍ ദ്വിദിന ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

നോര്‍ത്തീസ്റ് ഫിലാഡല്‍ഫിയായില്‍ ഫാ. ജഡ്ജ് ഹൈസ്കൂള്‍ കാമ്പസിലുള്ള മിഷനറി സെര്‍വന്റ്സ് ഓഫ് ദി മോസ്റ് ബ്ളസഡ് ട്രിനിറ്റി ധ്യാനകേന്ദ്രത്തില്‍ നടന്ന സെമിനാര്‍ രൂപതയുടെ ഫാമിലി അപ്പസ്തോലേറ്റ് ആണു സംഘടിപ്പിച്ചത്.

ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികനായും ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി, സെന്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ട് എന്നിവര്‍ സഹകാര്‍മികരായും അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് കോണ്‍ഫറന്‍സിനു തുടക്കം കുറിച്ചത്. തുടര്‍ന്നു നടന്ന സെമിനാറുകളില്‍ മുഖ്യപ്രഭാഷകരായി ഫിലാഡല്‍ഫിയ ഫൊറോന വികാരി ഫാ. ജോണികുട്ടി ജോര്‍ജ് പുലിശേരി, ഫാ. പോള്‍ ചാലിശേരി, റവ. ഡോ. മാത്യു മണക്കാട്ട്, ഫാമിലി അപ്പസ്തോലേറ്റ് നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. ഏബ്രാഹം മാത്യു (ഡോ. മനോജ്), ബാബു ജോണ്‍ (ഡാളസ്), ടോമി അറക്കല്‍ (ഹൂസ്റണ്‍), തോമസ് പുളിക്കല്‍ (നോര്‍ത്ത് കരോളിന) എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളും മിഷനുകളും 2014 ഡിസംബര്‍ 25 മുതല്‍ 2015 ഡിസംബര്‍ 25 വരെ നിങ്ങള്‍ ദൈവത്തിന്റെ വയലും വീടും ആകുന്നു എന്ന ബൈബിള്‍ വാക്യത്തിലൂന്നി കുടുംബവര്‍ഷം ആചരിക്കുകയാണ്. കുടുംബശാക്തീകരണത്തിനും വിശുദ്ധീകരണത്തിനുമുതകുന്ന വിവിധ പരിപാടികള്‍ ഈ കാലയളവില്‍ എല്ലാ ഇടവകകളിലും മിഷനുകളിലും നടപ്പിലാക്കിവരുന്നു.

വിശുദ്ധിയില്‍ ജീവിക്കുന്ന കുടുംബങ്ങളാണിന്നു നമുക്കാവശ്യം. നാമെല്ലാം വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവര്‍ തന്നെ, വിശുദ്ധിയില്‍ ജീവിക്കണമെന്നു മാത്രം. ആഗോള സഭയുടെ ചരിത്രത്തിലാദ്യമായി വിവാഹിതരായ ദമ്പതികളെ ഒരേസമയം വിശുദ്ധരായി പ്രഖ്യാപിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയൊരധ്യായത്തിനു തുടക്കമിട്ടിരിക്കുകയാണ്. വിശുദ്ധരുടെ ഗണത്തില്‍ പേരു ചേര്‍ക്കപ്പെടാന്‍ ബിഷപ്പുമാരോ, വൈദികരോ, കന്യാസ്ത്രീകളോ, സന്യസ്തരോ ആകണമെന്നില്ല. ദൈവഹിതത്തിനനുസൃതമായി കുടുംബജീവിതം നയിക്കുന്ന ആര്‍ക്കും സാധിക്കും അതായിരുന്നു 'ചെറുപുഷ്പം' വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ ലൂയി മാര്‍ട്ടിന്‍ സെലി ഗ്വരിന്‍ ദമ്പതികളെ ഒക്ടോബര്‍ 18നു റോമില്‍ വിശുദ്ധ ഗണത്തിലേക്കുയര്‍ത്തിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിനു നല്‍കിയ സന്ദേശം.

'സ്നേഹം നമ്മുടെ ദൌത്യം, പൂര്‍ണതയില്‍ ജീവിക്കുന്ന കുടുംബം' എന്ന സന്ദേശവുമായി സെപ്റ്റംബറില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ ഫിലാഡല്‍ഫിയയില്‍ നടന്ന എട്ടാമത് ലോക കുടുംബസംഗമവും കുടുംബങ്ങളുടെ കെട്ടുറപ്പിനു സഹായകമായി.

കുടുംബവര്‍ഷാചരണം ഔദ്യോഗികമായി രൂപതയില്‍ സമാപിച്ചാലും തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നതിനും ഫാമിലി അപ്പസ്തോലേറ്റിന്റെ നേതൃത്വത്തില്‍ റീജണുകള്‍ കേന്ദ്രീകരിച്ച് ഒരു റിസോഴ്സ് ടീമിനെ വാര്‍ത്തെടുക്കുന്നതിനും ഉദ്ദേശിച്ചാണ് ഈ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. ജോസ് ജോസഫ് മാളേയ്ക്കല്‍ എന്നിവര്‍ കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റ് ചെയ്തു.