നോര്‍വേയും ഓസ്ട്രിയയും പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ചു
Saturday, November 21, 2015 8:25 AM IST
ഒസ്ലോ: അഭയാര്‍ഥിപ്രവാഹം സര്‍വകാല റിക്കാര്‍ഡുകള്‍ ഭേദിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഓസ്ട്രിയയും നോര്‍വേയും കുടിയേറ്റ നയങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് അന്തിമ രൂപമായി.

അഭയാര്‍ഥികളെ രാജ്യത്തിന്റെ ജീവിതശൈലിയും സംസ്കാരവുമായി വേഗത്തില്‍ ഇണങ്ങിച്ചേരാന്‍ സഹായിക്കുന്ന പദ്ധതികളാണ് ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രി സെബാസ്റ്യന്‍ ക്രൂസ് അവതരിപ്പിച്ച നയങ്ങളുടെ പ്രത്യേകത. ജര്‍മന്‍ ഭാഷാ പഠനത്തിനു സമ്മാനങ്ങളും മൌലികവാദത്തിനു ശിക്ഷയും ഉറപ്പാക്കുന്നു. അമ്പത് ഇനങ്ങളുടെ വിശദമായ പദ്ധതി തന്നെയാണ് അഭയാര്‍ഥികള്‍ക്കായി ക്രൂസ് മുന്നോട്ടു വച്ചിരിക്കുന്നത്.

അതേസമയം, അഭയാര്‍ഥികളുടെ കാര്യത്തില്‍ ഓസ്ട്രിയയുടേതില്‍നിന്നു തികച്ചും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു വരുന്ന നോര്‍വേയുടെ കുടിയേറ്റ നയത്തിലും വ്യത്യാസം പ്രകടമാണ്. അഭയാര്‍ഥികളുടെ എണ്ണം കഴിയുന്നത്ര നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചുള്ളതാണു നോര്‍വീജിയന്‍ സര്‍ക്കാരിന്റെ നയം.

ഈ വര്‍ഷം ഇതുവരെ 29,000 വിദേശികള്‍ നോര്‍വേയില്‍ അഭയം തേടിക്കഴിഞ്ഞു. ഇതില്‍ 2500 പേരും വന്നത് കഴിഞ്ഞയാഴ്ചയാണ്. 5.2 മില്യന്‍ മാത്രം ജനസംഖ്യയുള്ള രാജ്യത്തിന് ഈ തോതിലുള്ള അഭയാര്‍ഥിപ്രവാഹം താങ്ങാനാകില്ലെന്നാണു സര്‍ക്കാര്‍ പറയുന്നത്. അതിനാല്‍ അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് ഏകീകൃത നയം രൂപീകരിക്കുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍